പവർക്കട്ട് ഇവിടെ വളരെ സാധാരണമായി തീർന്നത് നാട്ടുകാരെ വീട്ടിനുള്ളിൽത്തന്നെ, പ്രത്യേകിച്ച് സൂര്യാസ്തമയ ത്തിനുശേഷം, കഴിച്ചു കൂട്ടാൻ നിർബന്ധിതരാക്കുന്നു. പാത അന്ധകാരത്തിൽ മുങ്ങിത്താഴ്ന്നു കിടക്കുന്നു. അല്പമായിട്ടെ ങ്കിലും പ്രകാശം ലഭിക്കുന്നത് ധാരാളമായി പറന്നു നടക്കുന്ന മിന്നാമിനുങ്ങുകളിൽനിന്നാണ്. ചീവിടുകളിൽ നിന്നുയരുന്നശബ്ദം കാൽനടക്കാരെ ഈ പ്രപഞ്ചത്തിൽ അവരേകരല്ലെന്നു ബോധ്യ പ്പെടുത്തുന്നു. വൈകിയുള്ള ഈ മടക്കം അപ്രതീക്ഷിതമായിരു ന്നതിനാൽ കൃഷ്ണൻനായർ കയ്യിൽ ടോർച്ച് കരുതിയിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഒരു ടോർച്ച് കരുതുമായി രുന്നു.
പെട്ടെന്നുള്ള യാത്രയുടെ പിന്നിലെ ഹേതു രുഗ്മിണിയോട് പറയാതിരുന്നത് അബദ്ധമായിപ്പോയി. പക്ഷേ യാത്രയുടെ പരിണാമം ഫലപ്രദമായിരിക്കുമെന്ന് കരുതാൻ കാരണങ്ങളൊ ന്നുംതന്നെ ഇല്ലായിരുന്നു.
പഴയ ഒരു സുഹൃത്തിന് നൽകിയിരുന്ന ഒരു കനത്ത തുക എപ്പോഴെങ്കിലും തിരിച്ചുകിട്ടുമെന്ന് കരുതിയതല്ല. 15 വർഷങ്ങൾ ക്കു മുമ്പാണ് ബാല്യകാല സുഹൃത്ത് നാരായണന്നു രണ്ടുലക്ഷം രൂപ കടം കൊടുത്തിരുന്നത്. രണ്ടു മാസങ്ങൾക്കുള്ളിൽ തിരിച്ചു തരാമെന്നായിരുന്നു അന്നത്തെ വാഗ്ദത്തം. അതിനുമുമ്പ് പലപ്പോഴായി കടം കൊടുത്തിരുന്ന പണമെല്ലാം പറഞ്ഞ സമയത്തിനുതന്നെ നാരായണൻ തന്നു തീർത്തിരുന്നു. അതി നാൽ നാരായണനെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ അത്തവണ കഥയ്ക്ക് ചെറിയ ഒരു വ്യതിയാനമുണ്ടായി. ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റുള്ളവർ പറഞ്ഞറിഞ്ഞു, നാരായണൻ നാടുവിട്ടു പോയെന്ന്. എവിടേക്ക് പോയെന്ന് ആർക്കും അറി ഞ്ഞുകൂടാ. നാരായണന്റെ ബന്ധുക്കളോടും കൂട്ടുകാരോടും അന്വേഷിച്ചപ്പോൾ അവർക്കും ഒരുവിധത്തിലുമുള്ള സൂചനകൾ ഉണ്ടായിരുന്നില്ല. അന്വേഷണങ്ങളെല്ലാം ജലരേഖകളായി മാറി. അവസാനം ആ സംഖ്യ മനസ്സിൽ എഴുതി തള്ളുന്നതുവരെ, ഒരു വലിയ ശില കണ്ഠത്തിൽ തൂക്കിയിട്ടതുപോലെ ആയിരുന്നു.
ഒരാഴ്ച മുൻപാണ് നാരായണനിൽനിന്നു ഒരു പോസ്റ്റുകാർഡ് ലഭിച്ചത്. ഒരു അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്നും അതിനായി പട്ടണത്തിൽ വന്നു ഹോട്ടലിൽ ഒരുമുറിയെടുക്കു മെന്നും തത്സമയം ചെന്ന് കാണാൻ മടിക്കരുതെന്നും അതിൽ കുറിച്ചിരുന്നു. ആദ്യത്തെ ഞെട്ടൽ പിന്നീട് ഒരു പ്രശ്നപൂരണ മായിമാറി. ഇപ്പോൾ ആരെയും സാമ്പത്തികമായി സഹായി ക്കാനുള്ള ഒരവസ്ഥയിലല്ല, മറിച്ചു തനിക്കാണ് സാമ്പത്തിക സഹായം വേണ്ടത്, കൊടുത്തുതീർക്കാനുള്ള കടബാധ്യത തീർക്കാൻ. അങ്ങോട്ട് ചെന്ന് കാണാൻ പറയുന്നതിന് പകരം, നാരായണന്ന് ഇങ്ങോട്ടു വരാമായിരുന്നല്ലോ.
ആദ്യം പോസ്റ്റുകാർഡിനെ സംബന്ധിച്ച കാര്യം രുഗ്മിണിയോട് പറയണമെന്ന് കരുതിയതാണ്. പക്ഷെ പിന്നീട് അത് വേണ്ടെന്നു വെച്ചു. അയാൾ വരുന്നത് കടം വീട്ടാനാണോ അതോ വീണ്ടും കടം ചോദിക്കാനാണോ? ഒടുവിൽ അങ്ങോട്ട് പോയിക്കാണാൻ തന്നെ തീരുമാനിക്കുകയായിരുന്നു. എന്താണ് വേണ്ടതെന്നു അറിയാമല്ലോ.
നാരായണനെ കണ്ടപ്പോൾ ആദ്യം ഒരു ഞെട്ടലാണുണ്ടായത്. അയാൾ തീർത്തും ഒരു വ്യത്യസ്തവ്യക്തിയായി മാറിയിരുന്നു. പണ്ടത്തെ മെലിഞ്ഞു നീണ്ട സുന്ദരകുട്ടപ്പൻ പറ്റെ മാറിയിരുന്നു. പൂർണമായും കഷണ്ടി, രണ്ടു ചെവികൾക്കും ഇടയിൽ അല്പം നരച്ച രോമങ്ങളുണ്ടെന്നു പറയാം. മുഖം ചുക്കി ചുളിഞ്ഞിരിക്കുന്നു. ദേഹം സാമാന്യത്തിലേറെ തടിച്ചിരിക്കുന്നു. വയർ ചാടിയിരിക്കുന്നു. ഒരു കാലും നഷ്ടപ്പെട്ടിരിക്കുന്നു.
നാട്ടിൽനിന്ന് വളരെ ദൂരെ അന്യനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുക്കു കയായിരുന്നു നാരായണൻ, തന്റെ കനത്ത കടബാധ്യത തീർക്കാൻ. ആ ഉദ്യമത്തിൽ വിജയിച്ചെങ്കിലും, ഒരു അപകടത്തിൽപെട്ട് വലതുകാൽ മുറിച്ചുകളയേണ്ടിവന്നു. അതുകൊണ്ടാണ് വന്നു കാണാൻ നാരായണൻ ആവശ്യപ്പെട്ടത്. കൃഷ്ണൻനായരുടെ ദാരിദ്ര്യസ്ഥിതി അയാൾക്ക് ഊഹിക്കാൻ കഴിയാതെപോയി. അറിഞ്ഞിരുന്നെങ്കിൽ കൃഷ്ണൻ നായരുടെ കടം എന്നോ തന്നുതീർത്തിട്ടുണ്ടാകുമായിരുന്നു. അറിയാത്തതിനാൽ കൃഷ്ണൻ നായർക്കുള്ള കടം അവസാനം കൊടുക്കാമെന്നു കരുതു മായിരുന്നില്ല. എല്ലാ കടങ്ങളും വീട്ടിക്കഴിഞ്ഞു, കൃഷ്ണൻ നായരുടെ തൊഴികെ. രണ്ടുപേരും സമയം പോകുന്നതറിയാതെ മണിക്കൂറുകൾ സംസാരിച്ചു.
വേണ്ടത്ര ധനം കൃഷ്ണൻ നായർക്കു നൽകാമെന്ന് നാരായണൻ പറഞ്ഞെങ്കിലും കൃഷ്ണൻനായർ നിരസിക്കുകയായിരുന്നു. കടക്കാ രനെന്നത് ശരിതന്നെ. പക്ഷെ, ഔദാര്യം സ്വീകരിക്കാൻ വയ്യതന്നെ. എങ്കിൽ വൈകിയ കാലത്തിനുള്ള പലിശയെങ്കിലും സ്വീകരിക്കണ മെന്നായി നാരായണൻ. വളരെനേരത്തെ വാദപ്രതിവാദങ്ങൾക്കും ശേഷം ആ ഉപാധി കൃഷ്ണൻനായർ സ്വീകരിച്ചു. ഹോട്ടൽമുറിയിൽ ഇരുന്നുതന്നെ നാരായണൻ നിർദ്ദിഷ്ടസംഖ്യ കൃഷ്ണൻനായരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു.
കൃഷ്ണൻനായർക്ക് ഒരു ലോട്ടറി അടിച്ചതുപോലെയായി ഇത്. എന്നോ എഴുതി തള്ളിയ ഒരു തുക പതിന്മടങ്ങായി തിരിച്ചുവരുന്നത് ഒരു ലോട്ടറിതന്നെയാണല്ലോ നാളെ ബാങ്കിൽചെന്ന് ഉദ്ധവ കുറുപ്പിനെ കണ്ട് അക്കൗണ്ട് ഒന്ന് പുനഃ പരിശോധിക്കണം.
പാതയിൽ ഇപ്പോഴും അന്ധകാരമായിരുന്നെങ്കിലും കൃഷ്ണൻ നായർ അപ്പോഴേക്കും അതുമായി ധാരണയായി കഴിഞ്ഞിരുന്നു. രാത്രികാലങ്ങളിൽ മറ്റു യാത്രികരെ മാർഗ്ഗമദ്ധ്യേകണ്ടുമുട്ടുക അസാ ധാരണമായിരുന്നു. ഈ ഗ്രാമത്തിൽ വൈദ്യുതി ഉണ്ടെങ്കിലും പല പ്പോഴും ഇല്ലാത്ത ഫലമായിരുന്നു.
കൃഷ്ണൻ നായർ വീടിനു സമീപമെത്താറായി. അവിടെനിന്നും വരുന്ന പ്രകാശം പാതയോളം എത്താറുണ്ട്. പക്ഷേ ഉമ്മറഭാഗത്തു നിന്നു എണ്ണവിളക്കിന്റെ പ്രകാശംപോലും വരുന്നില്ല. അതിശയം തന്നെ!
ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കാൽ വെച്ചു.
ഭവനം അന്ധകാരത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. ജീവന്റെ ലാഞ്ചനപോലും ഇല്ല. ഞാൻ മടങ്ങിവരില്ലെന്ന് കരുതി രുഗ്മിണി ഉറക്കമായോ? അതോ, കൂട്ടുതേടി ഏതെങ്കിലും അയൽവീടുകളി ലേക്ക് പോയോ? ഇത്രയും കാലം അവൾ അത്തരം ഒരു നടപടിക്ക് മുതിർന്നിട്ടില്ല. അതിനാൽ അത് അസാധ്യം. ഈ ഗ്രാമത്തിലെ എല്ലാവരെയും രുഗ്മിണിക്ക് അറിയാം. അതുപോലെ എല്ലാവർക്കും അവരെയും. എത്ര ദശകങ്ങളായി ഞങ്ങൾ ഗ്രാമത്തിൽ വാസം തുടങ്ങിയിട്ട് !
മുന്നിലെ വാതിൽ തള്ളിയപ്പോൾ, വല്ലാത്തൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അത് തുറക്കപ്പെട്ടു. സാധാരണയായി ടോർച്ച് വെക്കാറുള്ള സ്ഥലത്ത് കൈകൾ പരതി. ടോർച്ച് കയ്യിൽ തടഞ്ഞു. ഒരു എണ്ണവിളക്ക് കത്തിച്ചുകൊണ്ട് രുഗ്മിണിയെ വിളിച്ച് ബെഡ്റൂമിലേക്ക് നടന്നു. ഒരുപക്ഷേ സുഖമില്ലാതെ കിടന്നതാണെങ്കിലോ?
അവർ അവിടെ ഉണ്ടായിരുന്നില്ല. ആവർത്തിച്ചുള്ള വിളികൾക്കൊന്നും പ്രതികരണം ഉണ്ടായില്ല. ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക്. നിരാശതന്നെ ഫലം.
അടുക്കളഭാഗത്തേക്ക് നടന്നു. അവസാനം അതിന്റെ പിൻഭാഗത്ത് എത്തി.
ഇരുണ്ട വെളിച്ചത്തിൽ കണ്ട അസാധാരണമായ കാഴ്ച അദ്ദേഹത്തിന്റെ കണ്ഠത്തിൽനിന്ന് ഒരു രോദനം പുറപ്പെടുവിച്ചു.
“രുക്കു…”
ആ നിലവിളി ഒരു ബഹിർസ്പുരണമായി ഉയർന്ന് അങ്ങ് ദൂരെ വായുവിൽ ലയിച്ചു.
കെട്ടഴിച്ച് ശരീരം അരികെ എത്തിക്കുക ഏതാണ്ട് അസാധ്യ മായിരുന്നു. ഈ അസമയത്ത് സഹായത്തിനായി ആരെ വിളിക്കാ നാണ്?
ശരി, ഒരുപക്ഷെ ഉദ്ധവക്കുറുപ്പിനു സഹായിക്കാൻ കഴിഞ്ഞേ ക്കും. ഫോണിനരികിലേക്ക് നടന്നു.
പെട്ടെന്ന് വിദ്യുച്ഛക്തി മടങ്ങിയെത്തി. ഡ്രോയിങ്റൂം പ്രകാശത്തിൽ കുളിച്ചു.
“ഞാൻ ഇപ്പോൾ വീട്ടിൽ മടങ്ങി എത്തിയതേയുള്ളൂ. രുക്കുവുണ്ട് …” വാചകം പൂർത്തീകരിക്കാനായില്ല.
“എന്തുപറ്റി രുഗ്മിണി അമ്മയ്ക്ക് ?”
“നിങ്ങൾക്ക് ഇവിടെ പെട്ടെന്ന് എത്താമോ? എത്തിച്ചേർന്നശേഷം ഞാൻ പറയാം.”
“ഇതാ ഞാൻ എത്തി.”
കുറുപ്പിന്റെ ശബ്ദത്തിൽ നിന്ന് അറിയാം അദ്ദേഹത്തിനും ഞെട്ടൽ ഉണ്ടായിട്ടുണ്ടെന്ന് .
ഇരുപതു നിമിഷങ്ങൾക്കുള്ളിൽ ഉദ്ധവക്കുറുപ്പ് ദ്വാരകയിലെത്തി. കൃഷ്ണൻനായർ അദ്ദേഹത്തെ കിണറ്റിൻകരയിലേക്ക് കൊണ്ടുപോയി.
“അവളുടെ ശരീരം നിലത്തിറക്കാൻ എന്നെ സഹായിക്കൂ.” കൃഷ്ണൻ നായർ അല്പം കൂടി നിയന്ത്രണം പാലിച്ചു. അദ്ദേഹത്തിന് കൂടുതൽ പ്രായോഗികബുദ്ധി വന്നിരിക്കുന്നു.
ശബ്ദം ഉണ്ടാക്കാതെ രണ്ടുപേരും കൂടി ശരീരം നിലത്തിറക്കി. കൃഷ്ണൻനായർ ആ ശരീരത്തെ സ്വന്തം കൈകളിലേന്തി പൂമുഖ ത്തേക്ക് കൊണ്ടുപോയി.
അവരുടെ മുഖം വളരെ ശാന്തമായി കാണപ്പെട്ടു അവരുടെ നാക്ക് വളരെ കുറച്ചേ പുറത്തേയ്ക്ക് കാണാമായിരുന്നുള്ളു. ഉദ്ധവക്കുറുപ്പ് അവളുടെ പാദങ്ങൾ തൊട്ടു നോക്കിയപ്പോൾ തണുപ്പ് അനുഭവപ്പെട്ടില്ല. ഏതാണ്ട് ഒരുമണിക്കൂർ മുമ്പുവരെ അവർ ജീവിച്ചിരുന്നിരിക്കണം. അവരുടെ പാദങ്ങൾ കാലിനെ അപേക്ഷിച്ചു അകന്നുനിന്നിരുന്നു. കുറുപ്പ് അവയെ ചേർത്തുവച്ച് ഒരു നൂലു കൊണ്ട് ബന്ധിച്ചു. വസ്ത്രങ്ങൾ ശരിയാക്കി. അവ വൃത്തിയുള്ളതും ചുളുവില്ലാത്തതും ആയിരുന്നു.
കൃഷ്ണൻ നായർക്ക് വാക്കുകളില്ലായിരുന്നു. ആ മുഖം ആകട്ടെ മനസ്സിനകത്തെ വിചാരവികാരങ്ങളെ കുറിച്ച് യാതൊരു സൂചനയും നൽകിയില്ല. വലതു കൈപ്പടം നെറ്റിയിൽ അമർത്തി പ്പിടിച്ചു മരംകൊണ്ടു പണിത ഒരു ചാരുകസേരയിൽ അദ്ദേഹം ഇരിപ്പായി.
കുറച്ചു കാലം മുമ്പ് അവരിരുവരും ഒരു പ്രത്യേക വിഷയത്തിൽ ഒരു വാദപ്രതിവാദം നടത്തിയിരുന്നു. കൃഷ്ണൻ നായരെ വല്ലാതെ വിഷമിപ്പിച്ച ഒരു അവസരം ആയിരുന്നു അത്. “രുക്കൂ, പഴയ ആ സാധുപെൺകുട്ടിയിൽനിന്ന് നീ ഒരുപാട് മാറിയിരിക്കുന്നു. ഞാൻ ഓടിപ്പോയാൽ നീ എന്ത് ചെയ്യും?”
“അത് എത്ര എളുപ്പമാകും എന്ന് കരുതേണ്ട. നിങ്ങൾ അത് ചെയ്യുന്നതിന് മുമ്പ് ഞാൻ നിങ്ങളെ സ്നേഹിച്ചു കൊല്ലും.”
അവരിരുവരും ഉറക്കെ ചിരിച്ചു.
“ഞാനൊരിക്കലും വിചാരിച്ചില്ല എന്റെ വാക്കുകൾക്ക് ഇത്തരം ഒരു പരിണാമം ഉണ്ടാകുമെന്ന്.” കുറുപ്പിൽ നിന്ന് വാക്കുകൾ ഉയർന്നു തുടങ്ങി.
“അമ്മ ഇന്ന് ഉച്ചതിരിഞ്ഞ് എന്നെ ബാങ്കിലേക്ക് വിളിച്ചിരുന്നു.” അയാൾ നിർത്തി നിർത്തി പറഞ്ഞു തുടങ്ങി.
“അപ്പോൾ നിങ്ങൾ എല്ലാം തുറന്നു പറഞ്ഞു.” കൃഷ്ണൻനായരുടെ വാക്കുകൾ മൂർച്ച ഏറിയതും ഉന്നം തെറ്റാത്തതും ആയിരുന്നു.
“അതെ, എനിക്ക് ഒന്നും തന്നെ അവരിൽനിന്ന് ഒളിക്കാൻ പറ്റിയില്ല.” അയാൾ കുറ്റസമ്മതം നടത്തി.
“എന്റെ കുറുപ്പേ, നിങ്ങൾ അവളെ കൊന്നു”.
“ഞാൻ… ഞാൻ….”
“അതെ നിങ്ങൾ.”
നിശ്ശബ്ദത.
സാധാരണ മനുഷ്യരെപ്പോലെ, അവർ പലപ്പോഴും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. കൃഷ്ണൻനായരുടെ ഉദാരത എപ്പോഴെങ്കിലും അദ്ദേഹത്തെ അവരിൽനിന്ന് അകറ്റുമെന്നും അവർക്ക് വളരെയേറെ ക്ലേശിക്കേണ്ടി വരുമെന്നും അവർ താക്കീതു ചെയ്തിരുന്നു.
“ഇനിയിപ്പോൾ എന്തു ചെയ്യണം?” സംശയിച്ചു സംശയിച്ചു അവസാനം കുറുപ്പ് ചോദിച്ചു.
“നിങ്ങൾക്ക് തോന്നുന്ന പോലെ ചെയ്യൂ …”
കൃഷ്ണൻ നായരുടെ മറ്റുള്ളവർക്കായുള്ള ഉദാരത ക്രമേണ രുഗ്മിണിയമ്മക്ക് അനുവദിക്കേണ്ടതായിവന്നു. ആർക്കുവേണ്ടി യാണ് അവർ സമ്പാദിക്കേണ്ടത്? അവരുടെ ലളിതമായ ജീവിതശൈലി അവർക്കിഷ്ടമായിരുന്നു, ആ വിശാലമന്ദിരത്തിൽ പരസഹായമില്ലാതെ.
ഉദ്ധവ കുറുപ്പ് നെല്ലിൻ മണികളെക്കൊണ്ട് ശരീരത്തിന്റെ ചുറ്റും ഒരു ചതുരം വരച്ചു. ഓട്ടുവിളക്കിൽ എണ്ണ നിറച്ച് കത്തിച്ചു, ശിര സ്സിന്റെ പിന്നിൽ സ്ഥാപിച്ചു. ശരീരത്തിന്റെ നാലു കോണിലും ചിരട്ടയുള്ള അരതേങ്ങയുടെ കഷ്ണങ്ങൾ വെച്ച് എണ്ണയൊഴിച്ച് തിരി കത്തിച്ചു.
ഈ സമയത്ത് കൃഷ്ണൻ നായർ എന്തെല്ലാമോ ചിന്തകളിൽ വ്യാപൃതനായി ഇരിക്കയായിരുന്നു. മുന്നിൽ സംഭവിക്കുന്ന പ്രവൃത്തികളെ കുറിച്ച് തികച്ചും ബോധമില്ലാതെ.
സംഭവിച്ചു കഴിഞ്ഞദാരുണകൃത്യത്തെ കുറിച്ച് ഉഷയെ അറിയിക്കണോ? ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല. എന്തിനാണ് അവളെയും മകളെയും വിളിച്ചുവരുത്തുന്നത്? പിന്നീട് സാവധാനം സാമ്പത്തികസ്ഥിതിയെല്ലാം നേരെ ആക്കിയതിനു ശേഷം അറിയിച്ചാൽ മതിയാവില്ലേ?
“ഞാനൊരു കാര്യം പറയട്ടെ ?” ഉദ്ധവക്കുറുപ്പ് ചോദിച്ചു.
കൃഷ്ണൻ നായർ അയാൾക്ക് നേരെ തുറിച്ചു നോക്കി.
“അവരെങ്ങനെ മരിച്ചു എന്നു നാം ആരോടും പറയേണ്ട.”
നിശ്ശബ്ദത മാത്രം.
“അത് എല്ലാവർക്കും സ്വൈരക്കേട് ഉണ്ടാക്കും, നിങ്ങൾക്കും എനിക്കും.” കുറുപ്പ് രക്ഷാമാർഗ്ഗം ചൂണ്ടിക്കാട്ടി.
“എല്ലാവരോടും നാം പറയുന്നു, നിങ്ങൾ വീട്ടിലെത്തിയപ്പോൾ അവർ മെത്തയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത് . ആർക്കും ഒരു സംശയവും ഉണ്ടാകില്ല, പ്രത്യേകിച്ചും അവർക്ക് ചില ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാവു ന്നതും ആണല്ലോ. നാട്ടുകാരെ സംബന്ധിച്ച് അവർക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളൊന്നുമില്ല. അറ്റാച്ച്മെന്റ് ഓർഡർ കുറച്ചുനാള ത്തേക്ക് നീട്ടിവെപ്പിക്കാൻ എനിക്ക് കഴിയും . ഇതൊന്നും പറ്റില്ലെങ്കിൽ നമുക്ക് പോലീസിനെ അറിയിച്ചേ മതിയാകൂ …. പിന്നെ പോസ്റ്റ്മോർട്ടം … അന്വേഷണങ്ങൾ … എന്തു പറയുന്നു?”
കൃഷ്ണൻ നായരിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല.
കുറുപ്പ് ഫോൺ ഇരിക്കുന്ന ഇടത്തേക്ക് പോയി ഏതാനും പേരോട് സംസാരിച്ചു മടങ്ങിവന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും താഴ്ന്ന സ്വരത്തിൽ സംസാരിച്ചുകൊണ്ട് കുറച്ചുപേർ അവിടെ എത്തി. അവർ കൃഷ്ണൻ നായരോടു അനുശോചനം പ്രകടിപ്പിച്ചു. വികാരശൂന്യമായ നോട്ട ത്തിൽകൂടിയാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ സ്ഥിതി അവർക്കു മനസ്സിലാവും.
കുറുപ്പ് അദ്ദേഹം തയ്യാറാക്കിയ സ്ക്രിപ്റ്റിന് അനുസരിച്ചുള്ള കഥ അവരോടു പറഞ്ഞു. അവരത് നവാഗതരോട് ആവർത്തിച്ചു.
ശുഭ്രനിറത്തിലുള്ള തുണികൊണ്ട് മൃതദേഹത്തിന്റെ മൂക്കു വരെ മൂടിയിരുന്നു. അടഞ്ഞ കണ്ണുകളും നരച്ച മുടിയും മാത്രമേ പുറ ത്തേക്ക് ദൃശ്യമായിരുന്നുള്ളൂ.
പ്രഭാതമായതോടെ സ്ത്രീജനങ്ങളും വന്നു തുടങ്ങി. അല്പനേരം കൂടി കഴിഞ്ഞതോടെ ഗ്രാമത്തിലെ മിക്ക വ്യക്തികളും അവിടെ സന്നിഹിതരായിരുന്നു. എന്തെങ്കിലും അസാധാരണത മരണത്തെ ക്കുറിച്ച് ആർക്കും സംശയമുണ്ടായില്ല. അല്ലെങ്കിലും ഒരു വയോവൃദ്ധയുടെ മരണത്തിൽ എന്തു സംശയിക്കാൻ? കുടുംബ ത്തിൽ ആണെങ്കിൽ മറ്റാരുമില്ലതാനും.
ഉച്ചയോടെ മൃതശരീരം ശ്‌മശാനത്തിലേക്ക് എടുത്തു. പട്ടട യ്ക്കു കൃഷ്ണൻ നായർ തീ കൊളുത്തി.
അവൾക്ക് എന്നെക്കാൾ ആരോഗ്യം ഉണ്ടായിരുന്നു. എന്നിട്ടും …അവൾ മുമ്പേ പോയി. ഞാൻ അവളെ കൊന്നു. എന്റെ താൽപര്യ ങ്ങൾ കാത്തുസൂക്ഷിക്കാനായി ഞാൻ അവളെ കൊന്നു.
ഒരു ശിലയെപ്പോലെ നിൽക്കുന്ന കൃഷ്ണൻനായരോട് ഒരിക്കൽ കൂടി അനുശോചനം നടത്തി നാട്ടുകാർ പിരിഞ്ഞു പോയി.
ചെയ്യേണ്ടതെല്ലാം ഉദ്ധവകുറുപ്പ് ചെയ്തു തീർത്തു.
തുടർന്ന് രണ്ടു മൂന്നു ദിവസങ്ങളിൽ ആരും കൃഷ്ണൻ നായരെ പുറത്ത് കണ്ടില്ല. ഒരു പ്രഭാതത്തിൽ അദ്ദേഹം വസ്ത്രധാരണം ചെയ്തു അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോയി.

സത്യനാഥൻ
