ചുക്കിച്ചുളിഞ്ഞ തൊലിയുമൊരു
ശുഭ്ര വർണ്ണം വിതറിയ കൂന്തലും
തെല്ലുവളഞ്ഞ തനുവുമായ് മുത്തശ്ശിയെത്തിയാ ഹർമ്യ പിൻവാതിലിൽ
നേര്യതിൻ തുമ്പിലൊന്നു മുറുക്കിയാ
നാഴിയരി കടം വാങ്ങി നടക്കുമ്പോഴുള്ളു പിടച്ചതുമാവൃദ്ധ മാതാവിന്നക്ഷികൾ നിറഞ്ഞതുമാരു കണ്ടു ?
മുറപോലെ വച്ചു വിളമ്പിക്കൊടുക്കുവാൻ
പശിയെന്ന ഭ്രാന്ത് ശമിപ്പിക്കുവാൻ
കദനങ്ങൾ നീണ്ടൊരാ ബാല്യത്തിലെ
കഥയല്ലിതു കണ്ട ജീവിതമാണു ഞാൻ
നീരുവറ്റിക്കരിഞ്ഞ കിണർ പോലെ
ജീവനറ്റൊരാ മീനിൻ പിടച്ചിൽ പോലല്ലലിൽ കര കാണാതെ നീന്തുന്നൊരൊറ്റയാൾ വഞ്ചി തുഴയുന്ന ജീവിതം
ആരുമില്ലൊരു സ്നേഹവാക്കോതുവാൻ
ആരുമില്ലൊന്ന് ചേർത്തണച്ചീടുവാൻ
ആരുമില്ലാ കരം ഗ്രഹിച്ചീടുവാൻ
അന്യമല്ലോ നിഴലുമിരുട്ടിലായ്
ജന്മമേകിയ മക്കൾക്കു ഭാരമിന്നെങ്കിലും വയ്യുപേക്ഷിച്ചു പോകുവാൻ
കണ്ണുനീരിൻ കയത്തിലെ ജീവിതമാറടി മണ്ണിലാത്മാവിൻ ശാന്തിയും….

ദീപ ബിബീഷ് നായർ
