അഭിനവ കുചേലവൃത്തം

by News Desk
0 comments

കൃഷ്ണൻ നായർ സ്ഥലത്തിൽ ഇല്ലാത്തതുമൂലം രുഗ്മിണി അമ്മ ഉച്ചയൂണ് കഴിഞ്ഞു ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു. എന്നും പതിവുള്ളതാണ്, ഊണ് കഴിഞ്ഞു അല്പനേരം രാവിലെ വന്ന പത്രം ഒന്നോടിച്ചു നോക്കുക എന്നത്. വീട്ടുജോലിക്ക് പണ്ടത്തെപ്പോലെ ആളെക്കിട്ടാൻ പ്രയാസമായിരിക്കുന്നു. തന്മൂലം എല്ലാ വീട്ടുജോലികളും താൻതന്നെ ചെയ്തേ പറ്റൂ.

ഇപ്പോഴത്തെ പെൺകുട്ടികളെ സമ്മതിക്കണം. പണ്ടുള്ളവരിൽനിന്നു വ്യത്യസ്തമായി, ബാഹ്യലോകത്തെ അഭിമുഖീകരിക്കാൻ അവർക്കു മടിയില്ല. വീട്ടുജോലിക്കു പകരം സർക്കാർജോലിയും ബാങ്കുജോലിയും അതുപോലെ മറ്റേതു ജോലിയും ചെയ്യാൻ അവർ തയ്യാർ. പക്ഷെ സ്ത്രീകളുടെ ഈ മുന്നേറ്റം പുരുഷന്മാരെ സ്വന്തം ഉള്ളിലേക്ക് വലിയാനും മദ്യപാനത്തിലേക്കു തിരിയാനും പ്രേരിപ്പിക്കുന്നില്ലേ ?

ഒരുകണക്കിന്അത്നന്നായി, രുഗ്മിണി അമ്മ ഉള്ളിൽ ചിരിച്ചു. ദ്വാരകയുടെ പണി കഴിഞ്ഞു ഇങ്ങോട്ടു താമസം മാറ്റിയപ്പോൾ എത്ര ജോലിക്കാരായിരുന്നു! അടിച്ചുതളി, പച്ചക്കറിനുറുക്കൽ, പാചകം, കിണറ്റിൽ നിന്നു വെള്ളം കോരൽ, തുണിതിരുമ്പൽ, അതിഥികൾ വന്നാൽ അവർക്കു ഉമ്മറത്തേക്ക് ഭക്ഷണ സാധങ്ങൾ എത്തിച്ചു കൊടുക്കൽ എന്നിങ്ങനെ ഓരോന്നിനും പ്രത്യേകം പ്രത്യേകം ജോലിക്കാരികൾ! പുറം ജോലികൾക്കു മറ്റു ചിലർ! വീട്ടു സാമാനങ്ങൾ കൊണ്ടുവരാനും മറ്റും ആണുങ്ങൾവേറെ. നിരവധികാര്യസ്ഥന്മാർവേറെയും. വേണ്ടിയും വേണ്ടാതെയും എല്ലാ നാട്ടുകാര്യങ്ങളിലും കൃഷ്ണൻ നായർ കയറി ഇടപെടും. വീട്ടിലേക്കു വല്ല പ്രയോജനങ്ങളും ഉള്ള കാര്യങ്ങളാണെങ്കിൽ കൊള്ളാമായിരുന്നു. തൊന്നുമില്ല. വിവാഹം കഴിഞ്ഞു കൃഷ്ണൻ നായരുടെ വീട്ടിലേക്കു വലതുകാൽ വച്ച് കയറി വരുമ്പോൾ സ്ത്രീധനമായി എന്തെല്ലാമാണ്കൊണ്ടുവന്നത്! ഇപ്പോൾ?

അടുത്ത കാലത്തു അദ്ദേഹത്തിന്റെ സ്വഭാവത്തിലെന്തോ വലിയ മാറ്റം വന്നിരിക്കുന്നു. കഴിഞ്ഞ ആഴ്ച തനിക്കേതാനും മുണ്ടുകളും വേഷ്ടികളും വാങ്ങിക്കണമെന്നു പറഞ്ഞപ്പോൾ പതിവിനു വിപരീതമായി അദ്ദേഹം ഏതാനും നിമിഷങ്ങൾ മൗനം ദീക്ഷിച്ചു. അൽപനേരം കഴിഞ്ഞപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു, “കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട് പോരെ?”.

“മതി. എന്താ, അങ്ങാടിയിലേക്ക് പോകുന്നില്ലേ?”

“അതല്ല. ഓണമായാൽ റിബേറ്റ് കിട്ട്വോലോ!”

“എന്ന് മുതൽക്കാണ് റിബേറ്റിൽ തുണി മേടിക്കാൻ തുടങ്ങിയത്?” ഉടൻതന്നെ ആ ചോദ്യം വേണ്ടായിരുന്നെന്നു മനസ്സ് മന്ത്രിച്ചു.

“നാടോടുമ്പോൾ നടുവേ എന്നല്ലേ?” അദ്ദേഹം ചിരിക്കാൻ ശ്രമിച്ചു; പക്ഷെ പഴയതുപോലെ തെളിഞ്ഞില്ല.

എന്തോ കനത്ത പ്രശ്നങ്ങൾ അദ്ദേഹത്തെ ചുഴറ്റി അലട്ടുന്നുണ്ടെന്നു മനസ്സിലായപ്പോൾ പിന്നീടൊന്നും പറഞ്ഞില്ല.

വയസ്സുകാലത്തു ഏകാന്തത ഏറെ ഭയാനകമാണ്. വേണ്ടാത്ത ചിന്തകൾ മനസ്സിനെ വല്ലാതെ മഥിക്കുന്നു. കുറച്ചു ദിവസങ്ങൾക്കുമുമ്പ് പഴയ വേലക്കാരി ജാനു വന്നിരുന്നു, അല്പം പണം കടം ചോദിക്കാൻ. അവളുടെ മകൾക്കു വൈകിയാണെങ്കിലും ഒരു കല്യാണം ഉറപ്പിച്ചിരിക്കുന്നു. ഒരു മുപ്പതിനായിരം രൂപ കിട്ടിയാൽ വലിയ ഉപകാരം.

“അതിനെന്താ ജാനു, നിന്റെ മകൾ എന്റെ മകളെപ്പോലെതന്നെയല്ലേ? നാളെ ഉച്ച തിരിഞ്ഞു വന്നോളൂ. രാവിലെ ബാങ്കിൽ നിന്നെടുപ്പിക്കാം.”

പക്ഷെ പണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം ഇരുണ്ടു. കുറച്ചു കഴിഞ്ഞു അദ്ദേഹം ചോദിച്ചു, “എന്തിനാ വാക്കു കൊടുത്തത്? ചോദിച്ചിട്ടു പറയാം എന്ന് പറയാമായിരുന്നില്ലേ?”

“എന്താ ബാങ്കിൽ പണമില്ലേ?”

“പണമില്ലാഞ്ഞിട്ടല്ല. കുറച്ചു പണം ഞാനൊന്നു മറിച്ചു. ബാക്കിയുള്ളത് തികയുമെന്നു തോന്നുന്നില്ല.”

കൂടുതലൊന്നും പറഞ്ഞില്ല. തന്നോട് പറയാതെ മുപ്പതിനായിരം രൂപപോലും ബാക്കി വെക്കാതെ എന്തു തിരുമറിയാണ് അദ്ദേഹം നടത്തിയത് ? വീട്ടിൽ കാര്യമായ ചിലവുകളൊന്നും ഉണ്ടായിട്ടില്ലല്ലോ. അടുപ്പമുള്ള ആർക്കെങ്കിലും ആവശ്യമുണ്ടായിട്ടു എടുത്തു കൊടുത്തതാകാം. അങ്ങനെയാണല്ലോ അദ്ദേഹത്തിന്റെ രീതി. എങ്കിലും ഇത്രയേറെ പണത്തിന്റെ ആവശ്യം? അദ്ദേഹം വീട്ടിലില്ലാത്ത നേരത്തു ബാങ്ക് പാസ്ബുക്ക് അന്വേഷിച്ചു അത് സൂക്ഷിച്ചിരുന്ന അലമാരിയിൽ തിരഞ്ഞപ്പോൾ കാണാൻ കഴിഞ്ഞില്ല.

അദ്ദേഹം എത്തിച്ചേർന്നപ്പോൾ പാസ്സ്‌ബുക്കിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്ന് കുറച്ചു കോപം വരാതിരുന്നില്ല.”എന്താ രുഗ്മിണീ, നിനക്കെന്നെ വിശ്വാസമില്ലാതായോ? അത് അവിടെയെവിടെയെങ്കിലും കാണും.”

അദ്ദേഹം വസ്ത്രം മാറ്റാനായി അകത്തു പോയി മടങ്ങിവന്നപ്പോൾ പറഞ്ഞു, ‘ഒരാഴ്ച കഴിഞ്ഞു ജാനുവിനോട് വന്നോളാൻ പറഞ്ഞോളൂ. പണം കൊടുക്കാം. നീ പോയി ചോറ് വിളമ്പ്, എനിക്ക് വിശക്കുന്നു.”

നാലഞ്ച് ദിവസങ്ങൾക്കുശേഷം മുപ്പതിനായിരം രൂപ കയ്യിൽ വെച്ചുതന്നു. സന്തോഷത്തോടെ ജാനുവേ വിളിച്ചുവരുത്തി വാക്കു പാലിച്ചു.

രുഗ്മിണി അമ്മ പത്രം നിവർത്തി. ഒരു രാഷ്ട്രീയക്കാരനെ അയാളുടെ മുൻപത്തെ പാർട്ടിയുടെ പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്രെ! ഒന്നാംപേജിൽ ആ കൊലക്കേസ് മാത്രം. രണ്ടും മൂന്നും പേജുകളിൽ വിവിധ വ്യക്തികളുടെ പ്രതികരണങ്ങൾ, പോലീസിന്റെ വിശദീകരണങ്ങളും വിശകലനങ്ങളും. അപ്പോഴാണ് ദുരന്തമയമായ ആ ആത്മഹത്യാവാർത്ത കണ്ണിൽ പെട്ടത് . വിദ്യാഭ്യാസ കടത്തിന്നു ബാങ്കിൽ അപേക്ഷ നൽകി, അത് ലഭിക്കുമെന്ന ഉറപ്പിന്മേൽ ഹൈദരാബാദ് നഴ്‌സിങ് കോളേജിൽ ചേർന്ന് ഒരു വർഷം കഴിഞ്ഞിട്ടും അത് ലഭിക്കാതെ നാട്ടിൽ വന്നപ്പോൾ, ബാങ്ക്‌ലോൺ നിഷേധിക്കപ്പെട്ടതറിഞ്ഞു അതിന്റെ കെട്ടിടമുകളിൽ നിന്ന് വിദ്യാർത്ഥിനി ചാടി ആത്‍മഹത്യ ചെയ്തത്രേ!

രണ്ടാമതൊന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു സംശയം. ഇതേ സ്ഥാപനത്തിന്റെ മെഡിക്കൽ കോളേജിലല്ലേ അനിരുദ്ധന്റെ മകൾ മെഡിസിന് ചേർന്നിരിക്കുന്നത്? പേരക്കുട്ടിയാണ് അനിരുദ്ധൻ. അവന്റെ അകാലചരമത്തിനുശേഷം ഭാര്യ ഉഷയും മകൾ രുക്കുവും ഹൈദരാബാദിലാണ് താമസം. ഉഷയ്ക്ക് അവിടെയൊരു ജോലിയുള്ളതിനാലും തന്റെ പ്രായാധിക്യത്താലും തമ്മിൽ കാണുക വളരെ അപൂർവം. രുക്കുവിന് മെഡിക്കലിന്നു പഠിക്കുവാ നുള്ള ചെലവ് താൻ വഹിച്ചു കൊള്ളാമെന്നുള്ള ഉറപ്പിന്മേലാണ് അവൾ എംബിബിസ്സിന്നു ചേർന്നിട്ടുള്ളത്. ഈ കുട്ടി ആത്മഹത്യ ചെയ്ത വിവരം റുക്ക് അറിഞ്ഞിരിക്കുമോ?

രുക്കുവിനെയൊന്നു വിളിച്ചു നോക്കാം.

ഉഷയാണ് ഫോണെടുത്തത്.

“രുക്കുവിന്റെ കോളേജിന്റെ നഴ്‌സിങ് കോളേജിലെ ഒരു കുട്ടി ഇവിടെ ആത്‍മഹത്യ ചെയ്തത് അവൾ അറിഞ്ഞോ?”

“മുത്തശ്ശീ, ആ വർത്തമാനം ഇവിടത്തെ എല്ലാ പേപ്പറുകളിലും വന്നിട്ടുണ്ട്.”

“വലിയ സങ്കടമായിട്ടോ! പാവം കുട്ടി! പണമില്ലാത്തവർക്കു ഇത്തരം പഠനങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു.”

“അതെന്താ മുത്തശ്ശി അങ്ങനെ പറയുന്നത്? പാവങ്ങൾക്കും പഠിക്കണ്ടേ ?”

“തെറ്റിദ്ധരിക്കല്ലേ മോളേ! ഞാൻ അങ്ങനെയൊന്നും കരുതി പറഞ്ഞതല്ല.”

“മുത്തശ്ശീ, രുക്കുവിന്റെ അടുത്ത കൊല്ലത്തെ ഫീസ് അടയ്ക്കാനുള്ള തിയ്യതി അടുത്തിരിക്കുന്നു. ഒന്നാം തിയ്യതിക്ക് മുൻപായി അടച്ചില്ലെങ്കിൽ കോളേജിൽ പോകാൻ പറ്റില്ല. എന്റെ കത്ത് കിട്ടിയില്ലേ?”

“ഇല്ലല്ലോ മോളേ. അയച്ചിട്ടുണ്ടെങ്കിൽ ഉടനെ എത്തുമായിരിക്കും.”

“അയ്യോ മുത്തശ്ശീ, അയച്ചിട്ട് കുറെ ദിവസങ്ങളായല്ലോ. ഇതുവരെ കിട്ടിയില്ലേ?”

“ഇല്ലല്ലോ മോളേ. ഒരുപക്ഷെ വന്നിരിക്കാം. എനിക്ക് തരാൻ മുത്തച്ഛൻ മറന്നതാകാം. പണം ഉടനെ അയക്കാം മോളെ.”

വന്ന കത്തുകളെല്ലാം സൂക്ഷിക്കുന്ന മേശയിൽ തിരഞ്ഞിട്ടും ഉഷയുടെ കത്ത് കിട്ടിയില്ല. ഒടുവിൽ മേശയുടെ കള്ളറയിൽനിന്ന് കണ്ടെത്തി. ഉഷ പറഞ്ഞതുപോലെ, കത്ത് വന്നിട്ട് കുറേ ദിവസങ്ങളായിരിക്കുന്നു. അദ്ദേഹം എന്തുകൊണ്ട് ഇക്കാര്യം എന്നിൽനിന്നും ഒളിച്ചുവച്ചു? ഇങ്ങനെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലല്ലോ. മറന്നുപോയാതായിരിക്കാം. എങ്കിൽ കള്ളറയിൽ എന്തിന്നു വെക്കണം?

ഒരു കാര്യം ചെയ്യാം. ഒരു ചെക്കെഴുതി അയച്ചു കൊടുക്കാം. കുറെ കാലമായി ബാങ്കിടപാടുകളൊന്നും ഒറ്റയ്ക്ക് ചെയ്യാറില്ല. ജോയന്റ് അക്കൗണ്ട് ആയതിനാൽ എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

ചെക്ക്‌ലീഫുകളൊന്നുമില്ലാത്ത ഒരു ബുക്കാണ് മേശക്കകത്തു കിടന്നിരുന്നത്. ഇനിയിപ്പോൾ കിട്ടിയിട്ടും ഫലമൊന്നും ഉണ്ടായെന്നു വരില്ല. റെക്വിസിഷൻ കൊടുത്താലും അത് കൊറിയർ വഴി കിട്ടുമ്പോഴേക്കും ദിവസങ്ങളെടുക്കും. എടിഎമ്മിൽനിന്നു പണം എടുത്ത് മണി ട്രാൻസ്ഫർ വഴി അയച്ചുകൊടുക്കാം എത്രതന്നെ തിരിഞ്ഞിട്ടും തിരഞ്ഞിട്ടും എടിഎം കാർഡ് കണ്ടില്ല കുറെയേറെ സമയത്തിന് ശേഷം വലിപ്പിന്നടിയിൽ നിന്ന് കിട്ടിയത് ഒരു ക്രെഡിറ്റ് കാർഡ് .ഇത് എപ്പോൾ ഇവിടെ വന്നു? അദ്ദേഹം ക്രെഡിറ്റ് കാർഡിന് എതിരായിരുന്നുവല്ലോ. അതാ ഫയലിൽ കുറെ കടലാസു കൾ! ക്രെഡിറ്റ്കാർഡിന്നെതിരെ ബാങ്കച്ച നോട്ടീസുകൾ! ഇത്രയും പണംകൊണ്ട് അദ്ദേഹം എന്താണ് ചെയ്തുകൊണ്ടിരുന്നത് ?

രണ്ടുകൊല്ലംമുമ്പ് പാത്രത്തിൽ വന്ന ഒരു വാർത്ത ഓർത്തുപോയി. മുംബൈയിൽ ഒരു മലയാളികുടുംബത്തിലെ രണ്ട് സഹോദരങ്ങൾ, ചേച്ചിയും അനിയനും, 72 ക്രെഡിറ്റു കാർഡുകൾ ഉപയോഗിച്ച് പല ബാങ്കുകളിൽനിന്ന് പണമെടുത്തു ഒടുവിൽ ഗത്യന്തരമില്ലാതായപ്പോൾ വൃദ്ധരായ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നശേഷം തൂങ്ങിമരിച്ച കഥ. ഈശ്വരാ! അദ്ദേഹം അങ്ങനെ വല്ലതും ചെയ്തുകളയുമോ?

യാഥാർത്ഥസ്ഥിതി അറിയണമെങ്കിൽ ബാങ്കിൽ വിളിച്ചു ചോദിക്കുകതന്നെ വേണം.

മാനേജർ ഉദ്ധവകുറുപ്പായിരുന്നു മറുഭാഗത്ത്. അദ്ദേഹത്തിന് തന്റെ ശബ്ദം കേട്ടപ്പോൾത്തന്നെ ആളെ മനസ്സിലായി. വളരെ സൗഹാർസൗഹാർദ്ദപരമായിരുന്നു സംസാരം.

“അമ്മയുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് പോലുമില്ലല്ലോ.”

“ഫിക്സഡിലോ?”

“അതെല്ലാം എന്നോ മച്ചുവറായി സേവിങ്സിലേക്ക് ക്രെഡിറ്റു ചെയ്തശേഷത്തെ കാര്യമാണ് പറയുന്നത്. ചെക്ക് ഫെസിലിറ്റിക്കു വേണ്ട ബാലൻസ് പോലും ഇല്ലല്ലോ അമ്മേ.”

“അപ്പോൾ ഇവിടെ കണ്ട ക്രെഡിറ്റ് കാർഡുകളോ?”

“ഒരുകാലത്ത് ഞങ്ങളുടെ ബാങ്കിന്റെ ഏറ്റവും വലിയ ഡിപ്പോസിറ്ററായിരുന്നു അമ്മ. പിന്നെ കൃഷ്ണൻ നായർ സാർ വീട്ടുകാര്യത്തിന് ഒന്നുമല്ലല്ലോ പണം വിനിയോഗിച്ചത്, ഈട് വെക്കാൻ ഒന്നുമില്ലാത്തവരെ സഹായിക്കാൻ അല്ലേ? അവർ പണം മടക്കി കൊടുക്കുമ്പോൾ അദ്ദേഹം തിരിച്ചട യ്ക്കുമല്ലോ എന്നോർത്ത് ഞാൻ തന്നെയാണ് അദ്ദേഹത്തോട് ക്രെഡിറ്റ് കാർഡ് എടുത്തുകൊള്ളാൻ ഉപദേശിച്ചത്. അത് വേണ്ടാത്തതായിരുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് . ഇപ്പോൾ തന്നെ അദ്ദേഹം ലക്ഷങ്ങൾ അടയ്ക്കാൻ ബാക്കിയാണ്. ജപ്തി നോട്ടീസ് ബാങ്ക് അയച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.”

ഈശ്വരാ, എന്താണ് ഇക്കേട്ടത്? ഒന്നും പറയാതെ ആണല്ലോ അദ്ദേഹം ഇന്നലെ ഇറങ്ങിപ്പോയത്. എവിടെ പോയതാണെന്ന് ആർക്കറിയാം? വല്ല വേണ്ടാതിനവും കാണിച്ചു കളയുമോ, ഈശ്വരാ ?

ഇനി രുക്കുവിന്ന് പണം അയക്കാൻ എന്താണ് ചെയ്യുക ? അവർ രണ്ടുപേർക്കും ജീവിക്കാൻ ആവശ്യത്തിനുള്ള പണം ശമ്പളമായി കിട്ടുന്നുണ്ട്. പക്ഷേ ഫീസീനുള്ള പണം? ഞാൻ കൊടുത്തു കൊള്ളാം എന്ന് പറഞ്ഞത് കൊണ്ടാണല്ലോ രുക്കു എംബിബിഎസിന് ചേർന്നത്. ഇനി എന്ത് ചെയ്യും?

നഴ്സിങ് വിദ്യാർത്ഥിനിയുടെ വിധി രുക്കുവിനും വരുമോ? മരിച്ചുപോയ പേരക്കുട്ടിയുടെ ഏക മകളാണ് അവൾ. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉഷ പിന്നെ ജീവിച്ചിരിക്കുമോ ?

നിറവേറ്റാൻ വയ്യാത്ത വാഗ്ദത്തം എന്തിനു നൽകി?

അദ്ദേഹം മടങ്ങി വന്നാൽ ബാങ്കിലേക്ക് ഫോൺ ചെയ്ത കാര്യമെല്ലാം പറഞ്ഞാൽ അദ്ദേഹം എന്തു വിചാരിക്കും? ഭാര്യയ്ക്ക് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് കരുതില്ലേ? ഇത്രയേറെ ദശാബ്ദങ്ങൾ ഒന്നിച്ചു കഴിഞ്ഞിട്ടും തനിക്കുണ്ടായ അവിശ്വാസം അദ്ദേഹം പൊറുക്കുമോ?\

രുഗ്മിണി അമ്മ ഏറെനേരം ചിന്താമഗ്നയായി ഇരുന്നു. പിന്നീട് ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു.

നേരം സന്ധ്യയാകാറായിരിക്കുന്നു. ഇനിയൊരു സന്ധ്യാ വന്ദനം വേണ്ടി വരുമോ ?

കിണറ്റിൻകരയിലെത്തിയപ്പോൾ അവർ കപ്പി കെട്ടിത്തൂക്കിയ സിമന്റ് ബീമിലേക്ക് നോക്കി. പിന്നീട് സാവധാനത്തിൽ കയറിൽനിന്ന് തൊട്ടി അഴിച്ചെടുത്ത് മാറ്റാൻ ആരംഭിച്ചു.

By…. K. V. സത്യനാഥ്

You may also like