അള്ളാ, ന്താരുന്നു ബഹളം. ഒരു ബല്യ മയ പെയ്തു തീർന്നമാതിരി. എലഷനും കയിഞ്ഞ് റിസൾട്ടും ബന്ന്, ന്നിട്ട് ഇപ്പ ഒരെണ്ണം പോലും ഞമ്മള ബിളിച്ച് പത്തിരീം ബീഫും തരാന്ന് പറയണില്ലല്ലാ ആമിനാ?
അയിന് ങ്ങള് വോട്ട് ആർക്കാ കുത്തീത്?
ആര് ബന്ന് ചോയിച്ചാലും മ്മള് ങ്ങള പാർട്ടിയാ, ങ്ങക്കേ തരുന്നല്ലേ പറഞ്ഞത്? അതിപ്പ ആമിനാ ഒന്ന് മ്മള കൊച്ചാപ്പാട മോൻ , ഒന്ന് ഞമ്മള ചങ്ക് ഫൈസല്‍, ഒന്ന് ഞമ്മള ചായക്കടക്കാരൻ വറീത് , ഞമ്മക്ക് ആരേം ബെസമിപ്പിക്കാൻ പറ്റൂല്ലാന്ന് അനക്കറീല്ലേ?
ആ , ന്നക്കെയാരുന്നു ഞമ്മളും കരുതീത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പെണ്ണ് കാണാൻ ബന്ന് കണ്ണും കവിളും കാണിച്ച് ഞമ്മളെ പറഞ്ഞു ബശത്താക്കീതല്ലേ ങ്ങള് , ന്നിട്ടിപ്പ ങ്ങക്ക് ബല്ല സ്നേഹോ ണ്ടാ മനുശാ ?
അള്ളാ പ്പ നീയല്ലേ കരിമശീട്ട കണ്ണുകാണിച്ച് ന്ന മയക്കി എടുത്തത്, അൻ്റ വാപ്പാട വർത്താനോം കൂടി ആയപ്പ ഞമ്മള് വീണൂന്ന് പറഞ്ഞാ മതീല്ല.
വാപ്പാന പറഞ്ഞാലുണ്ടല്ല, ങ്ങക്ക് ദാഹിച്ച ബെള്ളം മ്മള് തരൂല്ല പറഞ്ഞേക്കാം. ഓൾട ബർത്താനേം രൂപോം കണ്ട് ഞമ്മള്
ഒന്നും പറയാൻ പോയില്ല. ഒരു പണീം ചെയ്യാത ങ്ങനെ ജീവിക്കണ സുഖം പോയാപ്പിന്ന അള്ളാ……. ഞമ്മളെങ്ങന കയ്യ്യാനാണ്?
അല്ല, മനുസ്യാ ങ്ങള് വോട്ടിടാൻ പോയപ്പ ന്താ കേറ്റിവിടാഞ്ഞത്? ഓൾട മുഖത്ത് ബല്ലാത്ത ഒരു ഭാവം കണ്ടപ്പ ചിരിയാണ് ബന്നത്. അതേ ഞമ്മള ആധാറ് കണ്ടപ്പ ഓൻ പറയുവാ , അത് ഞമ്മളല്ലന്ന്. ഓനത് തിരിച്ചും മറിച്ചും നോക്കി. ഓന കുറ്റം പറഞ്ഞിട്ട് ന്താ കാര്യം? ഞമ്മക്ക് തന്ന കൻഫൂസൻ വരും പോട്ടം കണ്ടാല്‍ , അതേത് ഹിമാറാണെന്ന് ഞമ്മളും ബിചാരിക്കും?
ഒള്ള മൊഞ്ചല്ലേ എവ്ടേം കാണൂ ന്ന് ഓൾടെ ഒരു കുത്തല്. ഞമ്മക്കത് പുടികിട്ടി. ജ്ജ് ബർത്താനം പറയാണ്ട് മ്മിണി മീൻ്റ ചാറും കൂടി ഒഴിച്ചാണീം . അല്ല ങ്ങള വയറ്റിലെന്തന്നാണ് ? തിന്ന് തിന്ന് ങ്ങള ബയറ് കണ്ടാ മ്മക്ക് സാസം മുട്ടൂന്ന് പറഞ്ഞ് ഓളിത്തിരി ചാറും കൂടി തന്ന്. വാരി വലിച്ച് ബിയുങ്ങുന്നേൻ്റ എടേല് വായേലെന്തോ ഒടക്കി. അള്ളാ, ഒരാണി . അതു വായുമ്മേന്ന് എടുത്ത് ഞമ്മളോളെ ഒരു നോട്ടം നോക്കി, എന്തേലും പറയുന്നേന് മുന്നേ ഓള് പറയുവാ
ബല്യ കത്തിരി ബയറ്റേക്കെടക്കണ് മനുസമ്മാർക്ക് ബർസങ്ങളായി, ഇത് ചെറിയൊരാണി അല്ലേന്ന്. ബല്ലോം തിന്നാൻ തരുമ്പോങ്കിലും ആ കുന്ത്രാണ്ടം ഫോണേ തോണ്ടാതെ പാത്രത്തി നോക്കി കയിക്കണം ന്ന് ഒരുപദേശവും …
അള്ളാ ബന്ന് ബന്ന് പിടിക്കോഴികളാണല്ല ഇപ്പ കൂവണതെന്ന് ഓർത്തപ്പ ഞമ്മള് കൂടുതലൊന്നും പറയാൻ പോയില്ല, ന്തിനാ വെർതേ ല്ലേ ?

ദീപ ബിബീഷ് നായർ
