കാനനം കന്യേ കണി കണ്ടുണരുന്നു നിന്നെ
നിര്‍മ്മലത്തരുണിയാമംബുജം സഖീ സമം
സമ്മോദത്തലം വിട്ടോരിടയില്ലാരണ്യത്തി-
ലമരും മലര്‍ സര്‍വ്വമുടയുമാടകളായ്
കാലടിപ്പദങ്ങളും കാനനപ്പാതകളെ
കാല്‍ത്തളത്താളങ്ങളാ-ലാമോദമണിയിക്കെ
ഇണങ്ങാതിരിക്കെയില്ലാവന്യ ജാലങ്ങളു-
മാമധു മരങ്ങളുമുഴിയുന്നിണ നാമ്പും
പൊന്നുഷത്തരികളെ സേവിക്കുമാവന്യമാ-
മന്ധകാരത്തിനെന്നും ഉഷസ്സായിരിക്കവെ
ഇളമാന്‍ തളിരിണ തിരയുന്നതേയില്ലെ-
ന്നുറപ്പിച്ചതിന്‍ മിഴിയുറച്ചു നിന്നില്‍ കന്യേ
കണ്‍മണി, കരങ്ങളില്‍ താലോലം വളര്‍ന്നവ-
ളിന്നുമദിപ്പിച്ചോടുന്നിടമേ കുളിരോളം
ആരണ്യമരുവിയായാവതും ഒരുങ്ങുമ-
ങ്ങോളവും നുരയുമാമാവോളം മദിപ്പാനായ്
മേലവളങ്കികളെ മേനിതന്‍ മതിപ്പിനെ
മൂകമായിരിക്കുകില്‍ ആരു വര്‍ണ്ണിപ്പാനോര്‍ത്തും
നിര്‍മ്മലയാകുന്നിവളുണ്മയെ പുല്‍കുന്നിവ-
ളെന്നു മുഴക്കിപ്പാടുന്നുയരെ കുയിലമ്മ
പേര്‍ത്തതിന്‍ നാദത്തിലായ്, പ്രിയമാമീണത്തിലായ്
ഉയരെക്കുതിക്കുമാ മാനിണ മറന്നാകെ
മല്ലികപ്പൂവിറുത്തും മന്ദഹാസമുതിര്‍ത്തും
ദൃഷ്ടിയിന്നാശ്ചര്യമാ-യിരുളിന്നൊളിയായി
മണ്‍കുടമേന്തും മലര്‍ പെണ്‍കൊടിയടര്‍ത്തുമാ
മധുതന്നട മലര്‍ക്കൊടികള്‍ കൊതിക്കവെ
ഉതിരുന്നധരത്തി-ന്നൊടുങ്ങാതവളില്‍ത്ത-
ന്നതിയാമഭിലാഷം അറിയാനവിടാകെ
കൂന്തലില്‍ കുടികൊള്ളാനിനിയും ജനിക്കുവാ-
നിടയാമെന്നോരാശ നിറഞ്ഞു വാടും പൂക്കള്‍
പൂക്കളെ പൊതിയുവാനണയും ശലഭങ്ങള്‍
ശയനം മറന്നുടനുയരുന്നരുണനും
വെണ്ണിലാത്താലം മേലെ വന്നു വീഴ്ത്തുന്നു വര്‍ണ്ണം
അഗ്നിയാപ്പന്തം മീതെ കണ്ണടയ്ക്കുമാ നേരം
രാവിലാക്കുടിലാകെ മൂടിയാരണ്യമാകെ
പാലില്‍ പവിഴമുരച്ചുറയും നിറംകൊണ്ടു
തിരയുന്നവളിലൊരുദയം കാണുവാനായ്
പതിവായിതെന്നാളും കൂരയിന്നുയിരാകെ
പൂവിരലൊതുക്കിയും പൂവിറുത്തൊരുങ്ങിയും
പൂമാല മാറില്‍ മാനം മറച്ചും വരുന്നവള്‍
പേരാലിനുയരത്തിലിരിക്കും കൂജനങ്ങ-
ളിണങ്ങാനിവളോടൊ-ന്നണയുന്നരികിലായ്
അംഗലാവണ്യങ്ങളില്‍ വീഴുമാ വെയില്‍പ്പൊട്ടില്‍
കൊഴിയും ഞാവല്‍പ്പഴക്കറകളലങ്കാരം
കൊയ്യുവാന്‍ പോകുന്നമ്മ ദൂരെയാ തിനപ്പാടം
പാടുവാന്‍ ഞാനും വരാം തെയ്യകം ഞാനുമമ്മേ
കണ്ണേയെന്‍ കണിപ്പൊന്നേ വേവും നീ വെയിലേറ്റാ-
ലാവതില്ലഴകേറ്റം മറയും വരേണ്ട നീ
കേട്ടതമ്മയിന്‍ വാക്കായവളില്‍ വിലയേറെ
കൊച്ചുകുടിലിന്‍ മുറ്റത്തവളോ തനിച്ചായി
പൂമരത്തണലേറ്റും പൂമണത്തെന്നലേറ്റും
മങ്ക മയങ്ങി കാവലിരുന്നു കരിങ്കിളി
കാറ്റിലാ പരിമളം മാറിയ നിമിഷങ്ങള്‍
മോഹന സ്വപ്നം വിട്ടിട്ടുണര്‍ത്തും ഘ്രാണശക്തി
എന്തിത് ആരിതെന്നുമോര്‍ത്തവളോടിപ്പോകെ
ഊരിന്‍ കുടിലിന്‍ മുറ്റത്തവരും പുറകാലെ
പരിഷ്‌ക്കാരപ്രമാണി ഭാവമാം മുഖങ്ങളി-
ലിത്തിരി പരിഭവം കാണവേ ആരാഞ്ഞവള്‍
പുഞ്ചിരിപ്പഴം പൊഴിച്ചപ്പൊഴാ പഠിതാക്കളു-
ത്തരം പറയുവാനിത്തിരി നേരംകൊണ്ടു
തോണിയേറണമെങ്ങള്‍ക്കറിവില്ലതിന്‍ ദൂരം
തേടുമാ വഴിത്താര ഏറെയായിവിടെയായ്
ഏറുകില്‍ തുഴയുവാനറിയാമെന്നാകുകില്‍
പോകുവിന്നിതുവഴി ആഴവുമോര്‍പ്പിച്ചവള്‍
യൗവ്വനച്ചുവടുകള്‍ മൂന്നടി മുന്നോട്ടെറി-
ഞ്ഞഞ്ചിട പുറകിലേക്കവരും നോക്കിപ്പോകെ
കാല്‍ത്തളക്കിലുക്കത്തിലവളിന്‍ മൊഴി കൊഴി-
ഞ്ഞവരോടവള്‍ കേട്ടു വാസനത്തൈലമേത്
സമ്മുഭിമുഖീയവരെടുത്തൊന്നതിന്‍ കുപ്പി
നീര്‍ത്തരി ചിതറിച്ചും ചിരിച്ചും ചോദിച്ചവര്‍
വാസനത്തൈലമിത് വേണമോ വരിക നീ
കൈത്തലം കാണിക്കവെ കണ്ണിലോ കൗതുകവും
തെന്നലോ തന്നാലല്‍പ്പം വീശിയെടുക്കെന്നാകി-
ലിനിയുമല്‍പ്പം കൂടെ കേട്ടവള്‍ കൂടെക്കൂടെ
അത്ഭുതമതിന്‍ രസമവളില്‍ ലയിക്കവേ-
യവരില്‍ മധുരസം തേടുമാ ശലഭങ്ങള്‍
നാട്ടിലോ രസമേറെ കാടിനെ വിടുക നീ
കൊണ്ടുപോകുമേ ഞങ്ങളൊരുനാളെല്ലാം കാട്ടാന്‍
നാവിനാലവരോരോ രസക്കൂടൊരുക്കവെ
മാനസസരസ്സിലോ മോഹങ്ങളിരയ്ക്കുന്നു
മൊട്ടിട്ട പൂക്കള്‍ തട്ടി ഇഷ്ടമാണെന്നും ചൊല്ലി
കേട്ട സൗരഭ്യക്കഥയ്ക്കത്രയും പൊട്ടിച്ചിരി
ചിത്രമാ കാലിന്‍ വിരല്‍ തീര്‍ത്തതോ നേരംപോകെ
തൂമനം കവര്‍ന്നവരിരുവരുപായക്കാര്‍
വീശിയാക്കാറ്റിന്‍കൈകള്‍ കവര്‍ന്നു തരുക്കളി-
ന്നിലകള്‍ പൊതിയുവാനടരും സൂനങ്ങളെ
ഇഴയും സര്‍പ്പങ്ങളോ വിടര്‍ത്തി ഫണങ്ങളെ-
യവയിന്‍ സീല്‍ക്കാരങ്ങളണയാക്കാറ്റില്‍ മൂടി
ഉത്സുകമുരഗങ്ങളിഴയും വഴികളിന്‍
മുകളിലലകളായ് വേഴാമ്പല്‍ മുഴക്കങ്ങള്‍
മേഘമാ മണ്ണിന്‍മേലൊന്നിറ്റുകില്‍ ചാറ്റല്‍മഴ
തൊട്ടെടുത്തെല്ലാമൊട്ടൊ-ന്നപ്പുതുമണ്ണാ നേരം
കെട്ടതാ നാളം തിരി തൊട്ടപോലൊരു പൊട്ടിന്‍
പാടു പടിഞ്ഞാറങ്ങ് പാതിയും മറഞ്ഞങ്ങ്
മൂടുകിലിരുളാകെ ഓടുമാ കുടിലിലേ-
യ്‌ക്കെത്തുകിലരുമയാം നായ വന്നുരുമ്മുന്നു
അമ്മയോ പുകയിലത്തിരിയും തിരുകിക്കൊ-
ണ്ടുയരും പുകയടുപ്പരികിലിരിക്കവെ
കിട്ടിയാത്തൈലം കൈയ്യിലുയര്‍ത്തി തിമിര്‍ത്തവ-
ളുരചെയ്തിവിടിനി പുരയില്‍ പരിമളം
പെണ്ണതിന്നാഴംകൊണ്ടോ-രക്കഥയെല്ലാം ചൊല്‍കെ
മാത്ര നില്‍ക്കാതോടിപ്പോയ് വരുന്നൂ കരഞ്ഞമ്മ
അമ്മയെ പകച്ചൊന്നു നോക്കുകില്‍ ഞൊടിയിട
കുടിലിന്‍ വെളിയിലൊരാരവം മുഴങ്ങുന്നു
കാട്ടിലെ തേവന്‍ കോപം ഊരിതിന്‍ ശാപമായി-
ത്തീരുവാനിവള്‍ ചെയ്തതെന്തൊരു മഹാപാപം
കാരണമിവളാകെ കാണുവാനിനി വേണ്ട
പോകുനീ ഊരും വിട്ടിട്ടകലെയെവിടേക്കോ
ചൊല്ലുകില്‍ കൂട്ടംമൊത്തം മുന്‍പിലോ ഊരിന്‍ മൂപ്പ-
നധികാരത്തിന്‍ വടി ഉയരുന്നവള്‍ക്കുമേല്‍
ഉച്ചത്തിലലറിക്കൊണ്ടവളോ മറയുന്നു
അമ്മയിന്‍ വിളിയില്ലാ കൂരയിന്നുയിര്‍ പോകെ
പൊന്നുയിര്‍ പോകുംനേരം പിന്നിലോ വിളി കേള്‍പ്പാന്‍
കൊതിച്ചും കിതച്ചുമാ പെണ്‍കിടാവോടിപ്പോയി
പോയവളിരുളിലോ വിളിച്ചും വിറച്ചുംകൊ-
ണ്ടവളെക്കൊതിപ്പിച്ച വാസനപ്പുറകാലെ
കണ്ണവള്‍ കാടിന്‍ മകള്‍ കളങ്കം തെല്ലുമില്ല
കൂരിരുള്‍ മൂടുന്നവള്‍ക്കുള്ളിലും പുറത്തുമായ്
ഇത്തിരിത്തെളിവേകി തെളിയുന്നുയരത്തി-
ലവളിന്നൊളി പോകെ പകരം പനിമതി
വീഴവെ പിടിക്കുകില്‍ കൊഴിയുന്നൊരു പൂവും
വള്ളിയില്‍ മുകളിതമായതൊന്നരികിലായ്
ചുംബനത്തെളിവേകാന്‍ പൂവതോ മൂടിനിന്ന
മഞ്ഞതിന്‍ നനവവള്‍ പാദത്തില്‍ തണുപ്പേകി
അഴകനതിര്‍വെട്ടി വരികിലരുവിത-
ന്നുയരം അളക്കുമാ കിളികള്‍ മൂകരാകെ
ഭീതമാം രാഗം മീട്ടി മൂളുകിലരുവിയി-
ന്നോളവും അധികമായിംഗിതം നിറവേറില്‍
കസ്തൂരിമാനിണകള്‍ ജലപാനവും നിര്‍ത്തി
നില്‍ക്കവെ തെളിയുമാ കാല്‍ത്തളയോളങ്ങളില്‍
മാരുതന്‍ മാറിനിന്നു മാദകഗന്ധം നിന്നു
മൃത്യുവിന്‍ മടിത്തട്ടിലവളിന്‍ മലര്‍തൊട്ടില്‍
രാപ്പകലിനിയില്ല രാമച്ചഗന്ധമില്ല
രാക്കുയിലീണത്തിലൊന്നറികെ ആരണ്യത്തില്‍
ലാവണ്യമിണക്കിയോ-രോമനത്തളിരില
യവിടെപ്പിറന്നില്ല, തേവനിന്‍ ശാപമതോ?

ലിനോദ് വര്‍ഗീസ്
കണിയാംപുഴയ്ക്കൽ
