നയാഗ്ര, നയനമോഹനമാം നയാഗ്ര —
നമിച്ചിടുന്നുഞാൻ നമ്രശിരസ്കാനായ് —
ഒരു ചെറു നൗകയിൽ നിൻ തിരുമുന്നിൽ —
എത്തവെ, ജലകണങ്ങൾ തൻ പുഷ്പവൃഷ്ടിയാൽ —
നീ നിന്നിംഗിതം അറിയിച്ചു.
കുളിരണിഞ്ഞെൻ മനവും തനവും —
ആ ഹിമകണങ്ങൾ തൻ തലോടലിൽ.
സർവ്വേശൻ നിറഞ്ഞിവരാനീ ധരണി തീർത്ത —
അതിവേഗ പാതയീ ഉജ്ജ്വല ജലപ്രവാഹം.
അത് അഗാധമാം ഗർത്തങ്ങളിൽ പതിച്ചു —
ഉയർത്തുന്നു പളുങ്കുകൊട്ടാരങ്ങൾ വാനിൽ —
ഉടഞ്ഞുവീഴുന്നവ നിമിഷങ്ങളിൽ —
കേവലം മർത്ത്യജന്മം കണക്കെ.
ആയിരം ചിത്രകാരന്മാരൊരുമിച്ചു —
രചിക്കിലുമപൂർണമീ വിശ്വകലാകാരൻ —
കുറിച്ചിട്ട ചിത്രം.
അത്യുജ്ജ്വലമായ് കുതിച്ചൊരിടിവെട്ടായ് —
പതിക്കുമത്ഭുത പ്രതിഭാസമിത് നയാഗ്ര.
അരികിലുണ്ടതിഭീമമാം ജലാശയങ്ങൾ —
ഊർജ്ജമേകും ജലശ്രോതസ്സായവൾക്ക് —
അവയൊന്നിച്ചു പതിച്ചു മെനയുന്നു —
തെളിനീർ പാൽക്കടലായ് താടാകത്തിൽ.
സെൽഫിയിലൊരുങ്ങാത്ത നിന്റെയീ വിസ്മയം —
കുറിച്ചിടുന്നു ഞാനെൻ അന്തരാത്മാവിൽ.
മിഴികളടർത്തിമാറ്റി —
വിമുഖമാം പാദങ്ങളിൽ യാത്രാമൊഴി ചൊല്ലവേ —
മന്ത്രിച്ചിതെൻ അന്തരംഗം.
വരണമിവിടമിനിയും —
കുളിരാർന്നാസ്വദിക്കണം —
അനർഗ്ഗളമൊഴുകും നിന്നിലെയീ കാവ്യഭംഗി.
അലിഞ്ഞുചേരണമീ അമൃതധാരയിൽ —
ഒരു ഹിമബിന്ദുവായ് —
കാലം കനിഞ്ഞിട നൽകുകിൽ.
നയാഗ്ര, നയന മോഹനമാം
നയാഗ്ര നമിച്ചിടുന്നു ഞാൻ നമ്ര ശിരസ്ക്കരനായ്.
By….. രാമകൃഷ്ണൻ കോമത്ത്

