പ്രഭാതത്തിൽ ദന്തക്ഷാളനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സുനന്ദാരാജ് തുടർച്ചയായി ഫോൺബെൽ അടിക്കുന്ന ശബ്‍ദം കേട്ടത്. വായ കഴുകിയെന്നു വരുത്തി അവർ സ്വീകരണമുറിയിലെത്തി റിസീവർ കയ്യിലെടുത്തു.
“ഹലോ, ആരാണ് സംസാരിക്കുന്നത്? “
“സുനന്ദാരാജല്ലേ ? കേബിൾ ലോക്കൽ ചാനൽ കാണുന്നില്ലേ?” അരുണാചലമാണ് വിളിക്കുന്നതെന്ന് ശബ്ദത്തിൽനിന്ന് മനസ്സിലായി. ഇത്ര നേരത്തേ അയാൾ വിളിക്കാന്മാത്രം എന്താണ് ഉണ്ടായത്?
“അതെ, സുനന്ദാരാജ് തന്നെ. എന്താണ് വിശേഷം?”
“ടി വി ഓണാക്കി നേരിട്ട് കാണൂ. ഞാൻ അര മണിക്കൂർ കഴിഞ്ഞു വിളിക്കാം.” അരുണാചലം ഫോൺ വെച്ചു. സുനന്ദാരാജ് ടി വി ഓണാക്കി. ലോക്കൽ ചാനലായ പ്രോഗ്രസ്സ് ട്യൂൺ ചെയ്തു.
“….. അങ്ങനെ തന്റെ പ്രവൃത്തിമൂലം പഞ്ചായത്തിന്ന് നിരവധി ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. ഇതിനോട് തരഭ് പഞ്ചായത്തിലെ വാസികൾ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് നമുക്ക് താമസിയാതെ കാണാം.”
ചാനലിന്റെ റിപ്പോർട്ടർ പഞ്ചായത്തോഫീസിന്റെ മുൻഭാഗത്തു നിന്നാണ് സംസാരിക്കുന്നത്. റോഡിൽ ഏതാനും വ്യക്തികൾ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. അവരോ, വീട്ടിലേക്കു അത്യാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാപൃതരായിരുന്നുതാനും. ഒരു കുല വാഴപ്പഴവുമേന്തി ചന്തയിലേക്ക് വരുന്ന ഒരാളുടെ മുഖത്തിനു മുന്നിൽ റിപ്പോർട്ടർ മൈക്രോഫോൺ പിടിച്ചപ്പോൾ, അയാൾ ചോദിക്കുകയാണ് , “നിങ്ങളെന്തിനാണ് ദ്വേഷ്യപ്പെടുന്നത്? വെള്ളക്ഷാമം കാരണല്ലേ വെള്ളം തരാത്തത്? അള്ളാഹു പറഞ്ഞിട്ടുണ്ട്
വെള്ളം കിട്ടാത്തോന് അത് കൊടുക്കുന്നോനാ സ്വർഗ്ഗരാജ്യം ന്ന്.”
അത്തരം ഒരു പ്രതികരണമല്ല റിപ്പോർട്ടർ പ്രതീക്ഷിച്ചതെന്ന് അയാളുടെ മുഖഭാവം വിളിച്ചു പറഞ്ഞു. പഴയ ഒരു ശീലക്കുടയും പിടിച്ചു പതുക്കെ നടക്കുന്ന ഒരു മദ്ധ്യവയസ്കനായിരുന്നു അടുത്ത ഇര.
“നമ്മുടെ പഞ്ചായത്തു മെമ്പർ പഞ്ചായത്തിന്ന് വരുത്തിയ സാമ്പത്തികനഷ്ടം കണ്ടില്ലെന്നു നടിക്കാൻ നമുക്കാകുമോ?” ആ വ്യക്തിയുടെ കാലടിക്കൊപ്പം നടക്കാൻ റിപ്പോർട്ടർ നന്നേ വിഷമിക്കുന്നുവെന്ന് വളരെ വ്യക്തമായിരുന്നു.
“എനിക്ക് കോഴിക്കോട്ടേക്കുള്ള ബസ്സ് പിടിക്കണം. വൈകുന്നേരം നമുക്ക് വിസ്തരിച്ചു സംസാരിക്കാം.” മുന്നിലെ മൈക്രോഫോൺ കൈകൊണ്ട് തട്ടിമാറ്റി അയാൾ നടത്തത്തിനു വേഗത കൂട്ടി.
“രാഷ്ട്രത്തിന്റെ പുരോഗതിക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ഇത്തരം പൗരന്മാരാണ് നമ്മുടെ രാജ്യത്തിന്റെ ശാപം.” റിപ്പോർട്ടർ തന്റെ ശകാരധോരണി തുടർന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ നേത്രങ്ങളിൽ പ്രത്യാശയുടെ പ്രകാശം കാണായി. താൻ പ്രതീക്ഷിക്കുന്ന ഒരു അഭിപ്രായപ്രകടനം നടത്താൻ അനുയോജ്യനായ ഒരു വ്യക്തിയെ അദ്ദേഹം കണ്ടെന്നു വ്യക്തം.
“ഈ രാജ്യത്തെ സാധാരണക്കാരന്റെ അവകാശങ്ങളെയും അധികാരത്തെയും പറ്റി തികച്ചും അവബോധമുള്ള മാധവ പണിക്കർ ഇവിടെയുണ്ട്. പൊതുജനത്തെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നല്ല ബോധമുള്ള മാധവ പണിക്കർ സർക്കാരിനെ വിമർശിക്കാൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ശ്രീ മാധവ പണിക്കർ, സുനന്ദാരാജുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ചു അങ്ങേക്ക് എന്താണ് പറയാനുള്ളത്?”
പഞ്ചായത്തിലെ അറിയപ്പെട്ട വ്യക്തിയാണ് പണിക്കർ. ഏതു വിഷയത്തെക്കുറിച്ചും എന്തെങ്കിലും പറയാൻ അദ്ദേഹം മടി കാണിച്ചിട്ടില്ലെന്നു മാത്രമല്ല, കേൾക്കാൻ ആളുണ്ടെങ്കിൽ വിസ്തരിച്ചു പറയാനും അദ്ദേഹം തയ്യാറായിരുന്നു. മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളിലും വ്യത്യസ്തകാലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. അവർക്ക് വൈമനസ്യമില്ലെങ്കിൽ അവരുടെ സ്ഥാനാർത്ഥിയാകാനും അദ്ദേഹം തയ്യാറായിരുന്നു. പക്ഷെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ പാർട്ടികൾ തയ്യാറായിരുന്നില്ല. എല്ലാ പാർട്ടികളുടെയും അന്തർധാരകളെ കുറിച്ച് തനിക്കു എല്ലാം അറിയമെന്നു അവകാശപ്പെടുന്ന പണിക്കർ ഇപ്പോൾ തീർത്തും സ്വതന്ത്രനാണ്.
“സുനന്ദാരാജിനെ സംബന്ധിച്ച അഴിമതിയെക്കുറിച്ചു ശ്രീ പണിക്കർ, താങ്കൾക്ക് എന്താണ് പറയാനുള്ളത്?”
“അഴിമതിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തു വന്നിട്ടില്ലെങ്കിലും, ഒരു വസ്തുത ഞാൻ ഉറപ്പിച്ചു പറയാം. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കുമിത്. ഇത്രയും കാലം എല്ലാ അഴിമതിക്കഥകളും അവർ പരവതാനിയ്‌ക്കടിയിൽ ഒളിപ്പിക്കുകയായിരുന്നു. ഒരു കാര്യം അവരെല്ലാം ഓർക്കണം, പലനാൾ കള്ളൻ ഒരുനാൾ അകപ്പെടും.”
“നാട്ടുകാരുടെ മുമ്പിൽ കഴിവതും വേഗം എല്ലാ വിവരങ്ങളും കഴിയുന്നത്ര വേഗത്തിൽ കൊണ്ടുവരുമെന്ന പ്രതിജ്ഞയോടെ കേമറാമാൻ വേണുവിനോടൊപ്പം…..”
താനുൾപ്പെട്ട അഴിമതിയാരോപണം എന്തെന്നറിയാൻ സുനന്ദാരാജിന്ന് ഉൽക്കണ്ഠയായി. കടുത്ത വേവലാതിയും അഗാധ നിരാശയും അവരെ പൊതിഞ്ഞു. അവരുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. തന്നിൽ ചാർത്തപ്പെട്ട കുറ്റമെന്താണ്? പൂർണ്ണചിത്രം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? അരുണാചലത്തിന്ന് ഫോൺ ചെയ്യുകയല്ലാതെ വേറെ വഴിയില്ലതന്നെ.
റിസീവർ കയ്യിലെടുത്തു അവർ ഡയൽ ചെയ്തു. അരുണാചലം തന്നെയാണ് ഫോണെടുത്തത്.
“ശ്രീ അരുണാചലം , ഞാൻ ചാനൽ കണ്ടെങ്കിലും, എനിക്കൊന്നുംതന്നെ മനസ്സിലായില്ല. എന്തിനെ കുറിച്ചാണ് ആരോപണങ്ങളെന്നു പറയാമോ?”
അരുണാചലം ഉറക്കെ ചിരിച്ചു. “അവർ പറയുന്നത് നിങ്ങൾ ആരുമറിയാതെ നമ്മുടെ പഞ്ചായത്തിലെ വെള്ളം അടുത്ത പഞ്ചായത്തിലെ ആൾക്കാർക്ക് വിറ്റു എന്നാണ്. നിങ്ങളുടെ പ്രവൃത്തി പഞ്ചായത്തിനു കനത്ത നഷ്ടം വരുത്തിവച്ചെന്നാണ്. അതുവഴി നമ്മുടെ പഞ്ചായത്തിനു കനത്ത നഷ്ടം വരുത്തിയിട്ടുണ്ടത്രെ. നിങ്ങൾ അങ്ങനെ വല്ലതും ചെയ്തോ? “
സുനന്ദാരാജ് നിശ്ശബ്ദയായി. അവരുടെ തോട്ടത്തിൽനിന്നു അല്പം വെള്ളം അരുണിന്റെ ബംഗ്ലാവിലേക്ക് കൊടുത്തുവെന്നത് ഇത്ര വലിയ പ്രശ്നമാണോ? ഇതൊരു വലിയ കുറ്റമാണോ?
“താങ്കളെന്താണ് പറയുന്നത്? ഞാനെന്തിനത് ചെയ്യണം? ” അവരുടെ ശബ്ദം ഒരു നിരപരാധിയുടെതായിരുന്നു.
“എനിക്കെങ്ങനെ അറിയാം? ഇത് പ്രോഗ്രസ്സ് പാർട്ടിയുടെ വേലയായിരിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റശേഷം ചിലപ്പോൾ അവർക്കു സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം. നാമെപ്പോഴും കരുതിയിരിക്കണം. കുറച്ചു ദിവസങ്ങൾക്കുമുമ്പ് പ്രസിഡണ്ട് എന്നെ വിളിച്ചു ചോദിച്ചിരുന്നു, ഇക്കാര്യത്തെക്കുറിച്ചു എനിക്കെന്തെങ്കിലും അറിയാമോ എന്ന്?”
“താങ്കളെന്തു പറഞ്ഞു?”
“എന്തു പറയാൻ? സത്യം പറഞ്ഞു. അതായത് എനിക്കൊന്നും അറിയില്ലെന്ന്?” അരുണാചലം വീണ്ടും ഉറക്കെ ചിരിച്ചു.
“ശരി. നന്ദി.” സുനന്ദാരാജ് ഫോൺ വെച്ചു.
അരുണിന്റെ പത്നി ചാന്ദ്നി സുനന്ദയുടെ ഭർത്താവ് ഡോ. രാജേന്ദ്രന്റെ പേഷ്യന്റായിരുന്നു. അടുത്തകാലംവരെ അവർ ഈ പഞ്ചായത്തിലെ വാസികളുമായിരുന്നു. അരുൺ പഞ്ചായത്തു വാർഡുകളിലെ വിവിധ തലപ്പന്ത് ലീഗു മത്സരങ്ങളുടെ സംഘാടകനായിരുന്നു. ഈ മത്സരങ്ങൾവഴി വാതുവെപ്പുകളിൽക്കൂടി അരുൺ വലിയ തുക സമ്പാദിച്ചിട്ടുണ്ടെന്ന് പ്രോഗ്രസ്സ് പാർട്ടി പ്രവർത്തകർ പറഞ്ഞു പരത്തിയിരുന്നു. തുടക്കത്തിൽ നാട്ടുകാർ ആരോപണങ്ങൾ വിശ്വസിച്ചില്ലെങ്കിലും, അരുണിന്റെ ധനവിക്രയങ്ങൾ പിൽക്കാലത്തു അവ വിശ്വസിക്കാൻ അവരെ പ്രേരിതരാക്കി. സുനന്ദയുടെ തോട്ടത്തിന്ന് അടുത്തുള്ള, അമ്പത് ഏക്കറിലേറെ വിസ്‌തീർണമുള്ള എസ്റ്റേറ്റും അതിനകത്തുള്ള ബംഗ്ലാവും അരുൺ വിലയ്ക്ക് വാങ്ങി അവിടേയ്ക്കു താമസം മാറ്റിയശേഷമാണ് ആരോപണങ്ങൾ വാസ്തവമാണെന്ന് നാട്ടുകാർ ധരിച്ചത്. സുനന്ദയുടെ തോട്ടത്തിന്നും അരുണിന്റെ എസ്റ്റേറ്റിന്നും ഇടയിൽ ഒരു ചെറിയ കനാൽ ഉണ്ടായിരുന്നു. കനാൽ, സർക്കാർ രേഖകൾപ്രകാരം, രണ്ട് സ്വത്തുക്കളും രണ്ട് വ്യത്യസ്ത പഞ്ചായത്തുകളിലായി. കാലക്രമേണ നാട്ടുകാർ മാലിന്യങ്ങൾ നിക്ഷേപിച്ചപ്പോൾ കനാൽ അപ്രത്യക്ഷമായി.
സുനന്ദാരാജിന്റെ തോട്ടത്തിലെ സസ്യലതാദികൾ നനക്കാൻ അവർ പഞ്ചായത്തിലെ കുടിവെള്ളമാണ് ഉപയോഗിച്ചിരുന്നത്. അത് നിയമവിരുദ്ധമാണെന്ന് അടുത്ത കാലത്താണ് നാട്ടുകാർക്ക് മനസ്സിലായത്. ജലവിതരണത്തിനുള്ള മീറ്റർ സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും, ജലവിതരണവകുപ്പിലെ ജീവനക്കാർ അവിടെ വരാറുണ്ടായിരുന്നില്ല. ജലവിതരണകുഴലുകൾ സുനന്ദാരാജിന്റെ തോട്ടത്തിലെത്തിയശേഷം ആ കുഴലിൽനിന്നു ഒരു കണക്ക്ഷൻ അരുണിന്റെ എസ്റ്റേറ്റിലേക്ക് എടുത്തിരുന്നെങ്കിലും അതിന്ന് മീറ്ററുണ്ടായിരുന്നില്ല. ഈ ജോലികളെല്ലാം ചെയ്തത് ബംഗാളിൽനിന്നുവന്ന തൊഴിലാളികളായിരുന്നു. ഇതെല്ലാം സുനന്ദയ്ക്ക് അറിയുമായിരുന്നെങ്കിലും ഇതൊരു വലിയ പ്രശ്നമായി മാറുമെന്ന് അവർ കരുതിയില്ല. ആരാണ് ഇതിന്റെ വിവരങ്ങൾ ചാനലിന്നു കൊടുത്തത്?
ഡോ. രാജേന്ദ്രനും മകനും സ്ഥലത്തില്ലാതിരുന്നതും അരുൺ വിദേശത്തു പോയതും സുനന്ദയ്ക്ക് വിനയായി.
കാത് തുളക്കുന്ന വിധത്തിലുള്ള ടെലിഫോണിന്റെ ശബ്ദം. ഇത് അസഹ്യമായിരിക്കുന്നു. റിസീവർ എടുത്താലല്ലാതെ വിളിക്കുന്നത് ശത്രുവാണോ മിത്രമാണോ എന്നറിയാൻ ഒരു മാർഗ്ഗവുമില്ല. മധുരിച്ചിട്ട് തുപ്പാനും കൈപ്പുകൊണ്ട് ഇറക്കാനും വയ്യാത്ത ഒരവസ്ഥ.
“ഹാലോ, പ്രിയ സുനന്ദാ, ഈ ചാനലുകൾ എന്തെല്ലാം അസംബന്ധങ്ങളാണ് വിളിച്ചു കൂകുന്നത്? എന്താണീ കേൾക്കുന്നതെല്ലാം?” പ്രസിഡണ്ട് നരേന്ദ്രനാഥായിരുന്നു വിളിച്ചത്. എന്തെല്ലാമാണ് അങ്ങേർക്ക് അറിയേണ്ടത്? ആർക്കറിയാം?
“നിസ്സാരമായ ഒരു കാര്യത്തെ അവരിങ്ങനെ ഊതിപ്പെരുപ്പിക്കുമെന്നു ഞാൻ വിചാരിച്ചില്ല. നിങ്ങൾക്ക് അരുണിനെ അറിയാമല്ലോ. ശല്യം സഹിക്കാനാവാതെയാണ് അവനും കുടുംബവും നമ്മുടെ പഞ്ചായത്ത് വിട്ടുപോയത്. അവർക്ക് അങ്ങനെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം അരുണിന്റെ ഭാര്യ അസുഖം വന്ന് കിടപ്പിലായപ്പോൾ ഡോ. രാജേന്ദ്രനാണ് അവരോട് ശുദ്ധവായു ലഭിക്കുന്ന ഇടത്തേക്ക് മാറാൻ നിർദ്ദേശിച്ചത്. മനസ്സില്ലാമനസ്സോടെയാണ് നമ്മുടെ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഞങ്ങളുടെ എസ്റ്റേറ്റിന്നടുത്തുള്ള അവരുടെ ബംഗ്ലാവിലേക്ക് അവർ മാറിയത്. അവരുടെ എസ്റ്റേറ്റ് കനാലിന്നപ്പുറമായതിനാൽ അത് അടുത്ത പഞ്ചായത്തിലാണ്. അവരുടെ കിണറ്റിലെ വെള്ളം കുടിക്കാൻ കൊള്ളില്ലല്ലോ. വെള്ളമില്ലാതെ ജീവിക്കാൻ പറ്റുമോ? മാനുഷിക പരിഗണനവച്ചു ഞാനവരോട് ഞങ്ങളുടെ പൈപ്പിൽനിന്ന് വെള്ളം എടുത്തുകൊള്ളാൻ അനുവദിച്ചു. അത് ഇത്ര വലിയ ഒരു പ്രശ്നമാകുമെന്ന് ഞാൻ വിചാരിച്ചില്ല. അതാണ് വാസ്തവം.” സുനന്ദാരാജ് അവരുടെ ഭാഗത്തുള്ള സത്യം വെളിപ്പെടുത്തി.
“ചാനലുകാർ പറയുന്നത് അവർ കുടിക്കാനോ പാചകം ചെയ്യാനോ അല്ല, റബ്ബർവൃക്ഷങ്ങൾ നനക്കാനാണ് നമ്മുടെ വെള്ളം ഉപയോഗിക്കുന്നത് എന്നാണല്ലോ. അങ്ങനെയാണെങ്കിൽ…..”
“അക്കാര്യം എനിക്കറിയില്ല സാർ. എന്റെ ഉദ്ദേശ്യം തികച്ചും മാനുഷിക പരിഗണനവച്ചായിരുന്നു. ഇനിയിപ്പോൾ ഞാനെന്താണ് ചെയ്യേണ്ടത്? അരുൺ മടങ്ങിയെത്തിയാൽ കണൿഷൻ കട്ട് ചെയ്യാൻ പറയാം.” അവർ പ്രതിവിധി നിർദ്ദേശിച്ചു.
“അരുൺ മടങ്ങി വരുന്നതുവരെ ജനം കാത്തിരിക്കുമെന്നു കരുതുന്നുണ്ടോ?” പ്രസിഡണ്ട് അവരോട് ചോദിച്ചു.
“അങ്ങനെയാണെങ്കിൽ എന്റെ എസ്റ്റേറ്റിലെ കണൿഷൻ കട്ട് ചെയ്യാം സാർ,” കുഴപ്പത്തിൽനിന്നു രക്ഷപ്പെടാൻ സുനന്ദ മറ്റൊരു മാർഗ്ഗം നിർദ്ദേശിച്ചു.
“അത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? നാം അങ്ങനെ ചെയ്യുമെന്ന് മുൻകൂട്ടി കണ്ട അവർ വീഡിയോ കേമറയുമായി അവിടെ കാത്തിരിക്കുകയാണെന്ന് അറിഞ്ഞില്ലേ?” അദ്ദേഹത്തിന്റെ മറുപടി കേട്ട് സുനന്ദ ഞെട്ടി.
“സാർ, അപ്പോൾ….” അവരുടെ മറുപടി പൂർത്തിയാക്കാൻ പ്രസിഡണ്ട് കാത്തുനിന്നില്ല. “ജലക്കരം ഒഴിവാക്കാനായി അരുൺ നിങ്ങളുടെ മീറ്ററിന് മുമ്പാണ് കണൿഷൻ എടുത്തിട്ടുള്ളതെന്നു അറിയാമോ?” മറ്റൊരു ഞെട്ടൽ. അത് അദ്ദേഹത്തിന് എങ്ങനെയറിയാം?
“അതെനിക്ക് അറിയില്ല സാർ. എന്തായാലും വെറും വെള്ളം തന്നെയല്ലേ? ഇത് നമുക്ക് പ്രകൃതിയിൽനിന്നു സൗജന്യമായി ലഭിക്കുന്നതല്ലേ?? അതാണ് ഞാൻ ചിന്തിച്ചത്. “
“അതെങ്ങനെ ശരിയാകും? ജലം സൂക്ഷിച്ചു വെക്കാൻ പുഴയിൽ അണ നിർമ്മിക്കണം., ടാങ്കിലേക്ക് അടിച്ചു കയറ്റണം, ശുദ്ധീകരിക്കണം, പിന്നെ വിതരണം ചെയ്യണം. നമ്മുടെ പഞ്ചായത്ത് ഇതൊക്കെ ചെയ്യാൻ ലക്ഷങ്ങളാണ് ചിലവാക്കുന്നത്. കൂടാതെ ഇതെല്ലാം ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കണം. അതിനുള്ള പണം ആര് തരും? ആരെങ്കിലും ഇത് മോഷ്ടിച്ച് വിറ്റാൽ?”
“ഞാനിത് മോഷ്ടിച്ച് അരുണിന് വിറ്റെന്നാണോ നിങ്ങൾ ആരോപിക്കുന്നത്? നിങ്ങളും ഇങ്ങനെ പറഞ്ഞാൽ….”
“ഞാനങ്ങനെ പറഞ്ഞില്ല. ചാനൽക്കർ പറയുന്നുണ്ടല്ലോ. “
“എനിക്ക് മാപ്പ് തരണം. അറിയാതെ പറ്റിയതാണ്.” മാപ്പു ചോദിക്കുന്നതായിരിക്കും അഭികാമ്യം, അവർ ചിന്തിച്ചു. “എന്നെ രക്ഷിക്കണം. അരുൺ ഉപയോഗിച്ച വെള്ളത്തിന്റെ വില ഞാൻ നൽകാം.”
“അയാൾ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് നാമെങ്ങിനെ കണക്കാക്കും? ഈ വാർഡിലെ ഏറ്റവും വലിയ എസ്റ്റേറ്റ് അരുണിന്റേതാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. അതിലെ ഓരോ മരത്തിനും ദിവസവും ജലം വേണ്ടതാണല്ലോ. എത്ര കാലമായി അയാൾ വെള്ളം എടുക്കാൻ തുടങ്ങിയിട്ട്? വില കണക്കാക്കണമെങ്കിൽ ഇതെല്ലം അറിഞ്ഞിരിക്കണം. പിന്നെ പിഴ! അതൊരു വലിയ സംഖ്യയാകും.”
സുനന്ദയുടെ തലയിൽ അല്പം സാമാന്യബുദ്ധി അടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു പ്രസിഡണ്ട്.
“അപ്പോൾ ഞാനെന്തു ചെയ്യണം സാർ?”
“അത് നമുക്ക് പിന്നീട് തീരുമാനിക്കാം. തൽക്കാലം നാം തമ്മിൽ കണ്ടിട്ടില്ല; ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. യോഗത്തിൽ ആരെങ്കിലും ഈ വിഷയം ഉന്നയിക്കുകയാണെങ്കിൽ ഞാൻ മൗനം പാലിക്കും. അത്രതന്നെ.”
“സാർ, എന്നെ ഉപേക്ഷിക്കരുത്. ഞാനെന്തും ചെയ്യാം. “
“ഭയപ്പെടാതിരിക്കൂ സുനന്ദാ. അവസാനം എന്താണുസംഭവിക്കുക? നമ്മുടെ പഞ്ചായത്ത് ജലവിതരണം ആരംഭിച്ച ദിവസംതൊട്ടുള്ള ചാർജ്ജ്, അതിന്മേലുള്ള പെനാൽറ്റി, അല്പ കാലത്തെ ജയിൽ ശിക്ഷ, അത്രതന്നെ. പഞ്ചായത്തിൽ ഇപ്പോൾ വഹിക്കുന്ന എല്ലാ പദവികളിൽനിന്നും രാജി വെക്കേണ്ടിവന്നേക്കും. ഭയപ്പെടാനൊന്നുമില്ല.” പ്രസിഡണ്ട് ഫോൺ കട്ട് ചെയ്തു.
സുനന്ദാരാജ് ബോധരഹിതയായി നിലത്തു വീണു.
By…..K V Satyanath
Mob.: 9833677962

