കൊഴിഞ്ഞ പ്രഭാതങ്ങൾ

by News Desk
0 comments

നെല്ലിക്കപോലുള്ള ബാല്യത്തിലന്നു ഞാൻ
വല്ലായ്മയെങ്കിലുമാഹ്ളാദത്താൽ

കല്ലിലും മുള്ളിലും നഗ്നപാദങ്ങളിൽ
തുള്ളിക്കളിച്ചു നടന്നുവല്ലോ

മെല്ലെവിടരുമാ മുല്ലയും തെച്ചിയും
മുറ്റത്ത് കോണിൽ കഥ പറയെ

വേലികൾതോറുമോരഞ്ചിതൾപ്പൂക്കളാൽ
കൂട്ടൊന്നു കൂടിയാ ചെമ്പകവും

കാലിത്തൊഴുത്തിലൂടോടിക്കളിച്ചതാ
കന്നിൻ കിടാക്കളും മോദമോടെ

നേരം പുലർന്നെങ്കിലും കോഴി കൂകുന്നുണരുവാനാരുമേ വൈകരുതേ

ചിക്കി ചികയുന്നു കുഞ്ഞു മക്കൾക്കായി
മണ്ണിലായെന്തോ പരതിടുമ്പോൾ

സൂത്രത്തിൽ വന്നൊരു കള്ളനാം കാക്കയോ നോക്കുന്നു മക്കളെയാർത്തിയോടെ

ഉമ്മറപ്പടിയിലകത്തും പുറത്തുമായല്ലോ കറങ്ങുന്നു മാർജ്ജാരനും

വെള്ളം വലിയ്ക്കുമാ കപ്പി കരയുന്നു
എന്തെന്തു കാഴ്ചകൾ ചുറ്റുമല്ലോ …..

ദീപ ബിബീഷ് നായർ