ഉസ്മാനും ബീവീം (നർമ്മകഥ )

by Kerala In Mumbai
0 comments

“ഓൻ്റെ ബിജാരം ന്താ , ഞമ്മളെക്കൊണ്ട് പറയിപ്പിക്കാണ്ടിരുന്നാ ഓന് കൊള്ളാം,” മൊബൈലിൽ നോക്കിക്കൊണ്ട് ഉസ്മാൻ പറഞ്ഞു. “അള്ളാ ങ്ങളിതെന്താണ് കരിഞ്ഞ ഒണക്ക മീൻ മാതിരി മോന്തേം വച്ചോണ്ട് നിക്കണത്” , ആമിനാ ചോദിച്ചു.
“അനക്കറീല്ലേ മ്മള ഗ്രൂപ്പ് ? പന്തുകളി തൊടങ്ങ്യേ പിന്ന കള്ള ഹിമാറുകൾ ബയക്കിന് വരണ്.”
“ങ്ങള ഫോണുമ്മേൽ മൊത്തം ഗ്രൂപ്പല്ലേ?”
“അല്ലടീ ഞമ്മള ഇസ്‌കൂൾ ഗ്രൂപ്പ്.”
“ന്താ പ്പ പറ്റീത് ?”
“ഞമ്മള ഗ്രൂപ്പന്ന് വച്ചാ ന്താരുന്നു പാട്ടും കൂത്തും ബഹളോം ന്ന് വേണ്ട , ഞമ്മള സൊർഗാരുന്നു
പന്തുകളി തൊടങ്ങ്യേ പിന്നെ പെരുത്ത ബഴക്കാണ് പെണ്ണേ.
അല്ലേ, മെസീൻ്റടുത്താ കളി, ഓനാരാ മോൻ . ഇനിപ്പ നെയ്‌മറൊന്നും ബന്നിട്ട് ഒന്നും കിട്ടില്ലാന്ന്.” 

“അല്ലാമിനാ നീ ഇന്ന് വാപ്പാന കാണാൻ പോയത് നുമ്മള സൊന്തം ബണ്ടീലാണാ?” . “ആണാന്നാ, അതെന്തൊരു ചോയിപ്പാണ്. ഞമ്മള് കായി കൊടുക്കാണ്ട് പലേം പോയിരിക്കണ്, പസ്സേ ഇത്രേം സമാദാനോം സന്തോശോം ആയിട്ട് ഇന്നാണ് പോയി വന്നത് റബ്ബേ”

“അല്ല ങ്ങള് പെണ്ണുങ്ങക്ക് മാത്രം ന്താ പ്പ ങ്ങന, ഞമ്മക്കെന്താ ഫ്രീ പറ്റൂല്ലേ ?”
“ങ്ങള് മുണ്ടാണ്ടിരിക്ക് മനുസ്യാ…. ഞമ്മളേലും ഒന്ന് പോയിട്ട് ബരട്ടന്ന്.”

അപ്പോഴാണ്  അയൽക്കാരൻ സുബൈർ മതിലിനപ്പുറം നിന്ന് ബിളിച്ച് ശോദിക്കണത് കേട്ടത് , ” അല്ലിക്കാ ഇത്തവണ മെസ്സി കപ്പടിക്കുവോ? “
“അല്ലിതെന്തൊരു ബർത്താനം, അടിക്കാണ്ട് പിന്ന?” “എമ്പാപ്പേ നല്ല അടിയല്ലേ അടിക്കണതിക്കാ?”
“എമ്പാപ്പേയല്ല ഓൻ്റ വാപ്പ ബന്നാലും മെസീൻ്റെ അടിയാണ് അടി മോനേ, ങ്ങള് കണ്ടോളീൻ”.

“ഒരു ബാളിൻ്റെ പിന്നാല് ങ്ങനെ പിരാന്തു പിടിച്ച മാതിരി ഓടാൻ കൊറേ പേരും അതു കണ്ടോണ്ടിരിക്കാൻ ഇങ്ങനെ കൊറേ മനുസൻമാരും” ന്ന് പറഞ്ഞ് ഓള് അകത്തോട്ട് പോയി.

‘റബ്ബേ, വെവരമില്ലാത്ത സാദനം  …. ജ്‌ജതു കാര്യാക്കണ്ട സുബൈറേ’ ഇതും പറഞ്ഞ് ഉസ്മാനും സുബൈറിനൊപ്പം പുറത്തേക്ക് പോയി.

ദീപ ബിബീഷ് നായർ

Leave a Comment