സ്നേഹപുത്രി

by Kerala In Mumbai
0 comments

കഴിഞ്ഞ രണ്ടു ദിവസങ്ങളായി അമ്മിണിയമ്മ ചിന്തയിൽ മുഴുകി ലോകത്തെത്തന്നെ മറന്ന നിലയിലായിരുന്നു. അവരുടെ പഴയ പ്രിയമിത്രവും സഹപ്രവർത്തകയുമായിരുന്ന മാധവി മേനോൻ രണ്ടു ദിവസങ്ങൾക്കുമുമ്പ് പെട്ടെന്ന് ഇഹലോകവാസം വെടിഞ്ഞു മോർച്ചറിയിൽ കിടക്കുന്നു. അമേരിക്കയിൽ വസിക്കുന്ന മകളെ ഉടനെ വിവരം അറിയിച്ചതാണ്. ഇതുവരെ പ്രതികരണമൊന്നും വന്നില്ല. അമേരിക്കയിലുള്ള മകളുടെ വിവരവും കാത്തു അവരുടെ മൃതദേഹം ആസ്പത്രിയിലെ ശവങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കിടക്കുകയാണെന്ന് പത്രങ്ങളിലെല്ലാം വാർത്ത വന്നതാണ്.

അമ്മിണിയമ്മ കേരളത്തിലെ ഒരു സർക്കാർ കോളേജിൽ ആംഗലേയസാഹിത്യവകുപ്പിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിന്നും പഠിപ്പിക്കുന്ന ഓരോ പ്രഫസ്സറായിട്ടാണ് ജോലിയിൽനിന്നു വിരമിച്ചത്. അപ്പോൾമാത്രമാണ് തന്നെ തുറിച്ചുനോക്കുന്ന ഭാവിയെ ക്കുറിച്ചു അവർ ഓർത്തത്. നാളെയെക്കുറിച്ചു ഓർക്കാൻ അവർക്കു സമയമില്ലായിരുന്നു. അച്ഛനമ്മമാരുടെ ഏകസന്താനം, അവിവാഹിത, വിദ്യാർത്ഥികളും സഹപ്രവർത്തകരും ചുറ്റുമില്ലാത്ത അവസ്ഥ. ആകെപ്പാടെ ഒരു അപരിചിത ചുറ്റുവട്ടം. വിരമിക്കുന്നതുവരെ പ്രഭാതങ്ങളിൽ ക്ലാസ്സിന്നു വേണ്ട തയ്യാറെടുപ്പുകൾ, കോളേജിലേക്കുള്ള ബസ്സുയാത്ര എന്നിവ. സായാഹ്നങ്ങളാവട്ടെ സാഹിത്യലോകത്തെ കുറിച്ചു കൂടുതൽ അറിയാനും, നിരൂപണങ്ങളെഴുതാനും സമയം തികയാത്ത നിലയിലായിരുന്നു. നിരൂപണങ്ങളെഴു തുമ്പോഴാണ് ചില കാര്യങ്ങളെക്കുറിച്ചു ചില ആധികാരിക വീക്ഷണങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തുക; ഉടനെ അതിനുവേണ്ട ഗ്രന്ഥങ്ങൾക്ക് ഓർഡർ കൊടുക്കുകയായി; അവ ലഭ്യമാകുന്നതുവരെ അക്ഷമയായി കാത്തിരിപ്പും. പിന്നെവിടെ സ്വന്തം കാര്യങ്ങൾക്കു സമയം? പുതിയ അറിവുകൾ അവരുടെ പഠിതാക്കൾക്ക് നവോന്മേഷം പകർന്നു. സിലബസ്സിന്റെ സീമ കടന്നു നവവിജ്ഞാനത്തിന്റെ ആരാമത്തിലെത്തുമ്പോൾ വിദ്യാർത്ഥികൾ ആഹ്ലാദാരവങ്ങൾ പുറപ്പെടുവിക്കുന്നത് അവർക്കു പ്രിയങ്കരമായിരുന്നു. വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സിൽ നിന്ന് വിട്ടു നിൽക്കുന്നത് വിരളമായിരുന്നു.

മാധവി മേനോന്റെ ജീവിതശൈലി വളരെ ലളിതമായിരുന്നു. ആധുനിക പരിഷ്‌കാരങ്ങൾ അവരെ ഒരിക്കലും വിഭ്രമിപ്പിച്ചില്ല. അവർ ചെയ്യുന്നതാണ് അവരുടെ ആധുനികത. ഒന്നുകൂടി പറയട്ടെ; ആരാധകരിൽ ചിലർ അവരുടെ ജീവിതശൈലിയെ പിന്തുടരുന്നത് സാമ്പത്തികമായി ലാഭകരമാണെന്നു കണ്ടു. കാമ്പസിനകത്തു വില കുറഞ്ഞ ഖാദിവസ്ത്രങ്ങൾ ധരിക്കുന്ന അദ്ധ്യാപിക അവർ മാത്രമായിരുന്നു. വിദ്യാഭ്യാസ വർഷത്തെ വസ്ത്രങ്ങൾക്ക് അവർക്കു ചുരുങ്ങിയ ചെലവ് മാത്രമേ വേണ്ടിയിരുന്നുള്ളു. അതിലെന്തെങ്കിലും അപാകത ഉള്ളതായി സഹപ്രവർത്തകർക്ക് തോന്നിയിരുന്നില്ല. അവരുടെ വീട്ടുകാരും സ്വാതന്ത്ര്യ സമരസേനാനികളായിരുന്നല്ലോ.

മാധവി മേനോൻ കോളേജിലെ രസതന്ത്രവകുപ്പിൽ ചേർന്നപ്പോൾ, അമ്മിണിയമ്മ വളരെ സന്തോഷിച്ചു. അവർ നവാഗതയെ താമസിക്കാൻ തന്റെ ബംഗ്ലാവിലേക്കു ക്ഷണിച്ചു. മാധവി മേനോനു ആ നഗരത്തിൽ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല. രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങൾ ഒരുപോലെയായിരുന്നു. പക്ഷെ ആ സൗഹൃദത്തിന് അധികനാൾ തുടരാനായില്ല.

ഒരു ദിവസം മാധവി മേനോൻ പറഞ്ഞു തൻ ഉടനെ വിവാഹിതയാകുമെന്നും അമ്മിണിയമ്മയുടെ ബംഗ്ലാവ് വിട്ടുപോകുമെന്നും. ആ വിവാഹം ദേശത്തെ പിടിച്ചു കുലുക്കുമെന്ന് അന്ന് ആരും കരുതിയില്ല. വരൻ മുമ്പുതന്നെ വിവാഹിതനാണെന്നും അതിൽ ഒരു പെൺകുട്ടിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹമോചന ഹരജി കോടതിയിലായതി നാലാണ് താമസം നേരിടുന്നതെന്നും അവർ സൂചിപ്പിച്ചു.

മാധവി മേനോൻ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു. അവരുടെ ഉന്നതവിദ്യാഭ്യാസം മദ്രാസിലായിരുന്നു. അവിടെ അവരുടെ കുടുംബത്തിന് സ്വന്തമായൊരു ബംഗ്ലാവുണ്ടായിരുന്നു. അവരെ കോളേജിലേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും പ്രത്യേക കാറും ഡ്രൈവറും ഉണ്ടായിരുന്നു. സ്ത്രീയാണെന്ന പരിഗണന കൊണ്ട് മാത്രമല്ലായിരുന്നു അത്. വിമൻസ് കോളേജിൽ പഠിക്കുന്നത് അവർ മാത്രമായിരുന്നു. കുടുംബത്തിലെ മറ്റു വിദ്യാർത്ഥിബന്ധുക്കൾ ആൺകുട്ടികളായിരുന്നു. അവർക്കുവേണ്ടി വേറെ വാഹനങ്ങളുണ്ടായിരുന്നു.

പ്രായത്തിന്റെ വികൃതിയാണെന്നു തോന്നുന്നു, മാധവി മേനോൻ അവരുടെ ഡ്രൈവറുമായി പ്രേമത്തിലായി. അയാൾക്ക് ഭാര്യയും മകളും ഉണ്ടെന്നുള്ള വിഷയമൊന്നും അവർക്കു തടസ്സമായില്ല. അയാൾക്കും വിരോധമില്ലായിരുന്നു. പക്ഷെ അവരുമായുള്ള ബന്ധം മുറിച്ച ശേഷമേ വിവാഹത്തെ കുറിച്ച് ആലോചിക്കാനാകൂ എന്നയാൾ പറഞ്ഞു. മതിയെന്ന് മാധവി മേനോനും. പരീക്ഷ കഴിഞ്ഞു ജോലി ലഭിച്ചാൽ പിന്നെയൊന്നും പ്രശ്നമല്ല.

കോളേജിൽ ജോലി ലഭിച്ചശേഷം മകൾ പഴയ ഡ്രൈവറെ രജിസ്റ്റർ വിവാഹം കഴിച്ചെന്നു അറിഞ്ഞപ്പോൾ അവരുടെ കുടുംബക്കാർ പൊട്ടിത്തെറിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പഴയ ചരിത്രമൊന്നും അവർക്കതിന്നു തടസ്സമായില്ല. അച്ഛനമ്മമാർ മകളെ പടിയടച്ചു പിണ്ഡം വെച്ച് പുറത്താക്കി. ഇത് മാധവി മേനോനു അപ്രതീക്ഷമായിരുന്നു. മനുഷ്യരെല്ലാവരും സമം എന്ന് പ്രസംഗിച്ചിരുന്ന അച്ഛൻ ഇങ്ങനെ പ്രതികരിക്കുമെന്ന് അവർ കരുതിയില്ല.

വിവാഹമോചനക്കേസ്സിലെ ഒരു വ്യവസ്ഥ മകൾ പ്രായപൂർത്തിയാകുന്നതുവരെ അവളുടെ വിദ്യാഭ്യാസച്ചിലവും അമ്മയുടെയും മകളുടെയും മറ്റു ചിലവുകളും അവർക്കു ലഭിക്കണമെന്നതായിരുന്നു. കൂടാതെ അവർക്കു സ്വന്തമായ വാസസ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

മാധവി മേനോൻ വല്ലാത്ത ഒരു വലയത്തിലാണ് ചെന്നുപെട്ടത്. വിവാഹിതയായതോടെ രണ്ടു കുടുംബങ്ങളുടെ ഭാരമാണ് അവരുടെ ചുമലിൽ വന്നു വീണത്. സ്വന്തം കുടുംബത്തിന്റെ ചിലവും ഭർത്താവിന്റെ ആദ്യകുടുംബത്തിന്റെ ചിലവും വഹിക്കാൻ അവർ ബാദ്ധ്യസ്ഥയായി. മാധവി മേനോനും ഭർത്താവും വളരെ ചെറിയ ഒരു വീട്ടിലേക്കു മാറി. ആദ്യഭാര്യയും മകളും ഏതാനും കിലോമീറ്റർ അകലെ ഒരു വീടെടുത്തു അങ്ങോട്ട് താമസം മാറ്റി.

അമ്മിണിയമ്മയും മാധവി മേനോനും അവസരം ലഭിക്കുമ്പോഴെല്ലാം കോളേജിൽവച്ചു കാണുകയും കുശല പ്രശ്നം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. തിരുത്താനാകാത്ത ഒരു തെറ്റ് താൻ ചെയ്തതായി മാധവി മേനോൻ മനസ്സിലാക്കിയതായി അമ്മിണിയമ്മക്കു ബോദ്ധ്യമായി. ഒരു കോളേജദ്ധ്യാപികയുടെ ഭർത്താവ് മറ്റൊരാളുടെ ഡ്രൈവറായി ജീവിക്കുന്നത് മോശമല്ലേ ? അതിനാൽ ഒരു ജോലിയും ചെയ്യാതെ അയാൾ വീട്ടിൽ അലസജീവിതം നയിക്കുകയായിരുന്നു. പ്രേമത്തിന്റെ ചൂടിൽ , അയാൾ എന്ത് ചെയ്യും എന്ന കാര്യം മാധവി മേനോൻ ഓർത്തതേയില്ല. ഈസിചെയറിൽ കിടന്ന് ദിനപത്രങ്ങൾ വായിക്കുന്നത് മാത്രമായി അയാളുടെ ജോലി. പുതിയ കുടുംബത്തിനും ആദ്യകുടുംബത്തിനും വേണ്ട സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു അതാതിടങ്ങളിൽ എത്തിക്കലാണ് അയാൾ പകൽസമയത്തു ചെയ്തുകൊണ്ടിരുന്നത്. മാധവി മേനോൻ കോളേജിൽനിന്ന് മടങ്ങിയെത്തുമ്പോഴേക്കും എല്ലാ ജോലികളും തീർത്തു ഭർത്താവ് ഈസിചെയറിലേക്കു മടങ്ങിയിരിക്കും.

വിവാഹജീവിതം ഒരു വർഷം പൂർത്തിയായപ്പോഴേക്കും മാധവി മേനോൻ ഒരു പെൺകുഞ്ഞിന്റെ മാതാവായി. ഇങ്ങനെ ഒരു യോഗം മാധവി മേനോനു ഉണ്ടായതിൽ അമ്മിണിയമ്മ വ്യാകുലപ്പെട്ടു.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മാധവി മേനോൻ മറ്റൊരു കോളേജിലേക്ക് മാറ്റമായി പോയി. അവർ ഭർത്താവും മകളുമായി അവിടേക്ക് യാത്രയായി. ഭർത്താവിനെ ആദ്യഭാര്യയിൽനിന്നു അകറ്റിനിർത്താനായി, അവർ അപേക്ഷിച്ചതുമൂലമാണ് സ്ഥലമാറ്റം ഉണ്ടായതെന്ന് ഒരു കിംവദന്തി കോളേജിൽ പരന്നിരുന്നു.

വർഷങ്ങൾ പലതും കടന്നുപോയി. അക്കാദമി സർക്കിളുകളിൽ അപൂർവമായി ചിലപ്പോൾ കാണുന്നതൊഴിച്ചാൽ രണ്ടു അദ്ധ്യാപികമാരും തമ്മിൽ വിശേഷങ്ങൾ കൈമാറുന്നത് തീരെ ഇല്ലാതായി എന്ന് പറയാം

മകൾ രാഗിണിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തിൽ വധുവിന്റെ പിതാവിന്റെ നാമത്തിനുമുമ്പ് Late Shri എന്ന് അടിച്ചു കണ്ടപ്പോൾ അമ്മിണിയമ്മ പരിഭ്രമിച്ചു. ഉപകാരമില്ലെങ്കിലും ഒരു കൂട്ടായിരിക്കുമല്ലോ ഭർത്താവ്. വിവാഹച്ചടങ്ങിൽ പങ്കെടുക്കണം, വധുവിനെ അനുഗ്രഹിക്കണം, അമ്മിണിയമ്മ ഉറപ്പിച്ചു. പഴയ സൗഹൃദം പുതുക്കുകയുമാ കാമല്ലോ.

തമ്മിൽ കണ്ടപ്പോൾ പഴയ സുഹൃത്തുക്കൾ കണ്ണീരൊഴുക്കി. പിന്നെ കണ്ണീർ തുടച്ചു പരസ്പരം പുഞ്ചിരിച്ചു.

രാഗിണി നവവധുവിന്റെ വേഷത്തിൽ വളരെ സുന്ദരിയായി കാണപ്പെട്ടു. പട്ടുവസ്ത്രങ്ങളും ദേഹം നിറയെ സ്വർണാഭരണങ്ങളും. ഇത് മാധവി മേനോനു ചേർന്ന രീതിയല്ലല്ലോ, അമ്മിണിയമ്മ വിചാരിച്ചു. വരൻ അമേരിക്കയിൽ ജോലി ചെയ്യുന്നു. വിവാഹശേഷം വധുവരന്മാർ അമേരിക്കയിലേക്ക് പറക്കും. അമ്മിണിയമ്മ രാഗിണിയെ അനുഗ്രഹിച്ചു. അതേസമയം ലോകത്തു ഏകയായിപ്പോയ മാധവി മേനോനെ ഓർത്തു വേദനിച്ചു.

ജോലിയിൽനിന്നു വിരമിച്ചശേഷം അമ്മിണിയമ്മയുടെ മനസ്സിന്റെ ഭാരം കൂടി. അദ്ധ്യാപനം അവസാനിച്ചപ്പോൾ, ജീവിതത്തിൽ മറ്റൊന്നുംതന്നെ ചെയ്യാനില്ലെന്നു അവർക്കു തോന്നിത്തുടങ്ങി. ജീവിതത്തിലെ വിരസത മാറ്റാൻ മറ്റു എന്തെങ്കിലും ചെയ്തേ മതിയാകു എന്ന ചിന്തയായി. അതേസമയം സമൂഹത്തിന്നു തന്നിൽനിന്നു എന്തെങ്കിലും നേട്ടം ഉണ്ടാകുകയും വേണം. തന്റെ മുൻകാലസുഹൃത്തുക്കളിൽ പലരുമായും അവർ ഇക്കാര്യത്തിൽ ചർച്ച നടത്തി; അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും തേടി. പലരും വിചാരിച്ചത് അവരുടെ മാനസികനില നിയന്ത്രണാതീതമായെന്നാണ്. പ്രായമായാൽ ജോലിയിൽനിന്നു പിരിയണം. എന്നുവെച്ചു ആർക്കെങ്കിലും ഇത്തരമൊരു ചിന്ത വരുമോ? സ്വന്തം കുട്ടികളും പേരക്കുട്ടികളും എല്ലാമുണ്ടെങ്കിൽ ഇത്തരം ചിന്തകൾ മനസ്സിൽ കയറിക്കൂടില്ലായിരുന്നു. പക്ഷെ അവിവാഹിതർക്ക് എന്ത് കുടുംബം, കുട്ടികൾ, പേരക്കുട്ടികൾ? മറ്റു ചിലർ അവരുടെ ഉദ്ദേശശുദ്ധിയെ പുകഴ്ത്തി. കുടുംബപ്രാരാബ്ദം ഇല്ലായിരുന്നെങ്കിൽ തങ്ങളും ഇങ്ങനെയെന്തെങ്കിലും ചെയ്തേനെ എന്ന് വിലപിച്ചു.

ഏതാനും സമാനമനസ്കരുമായി ചേർന്ന് അമ്മിണിയമ്മ, ശുശ്രൂഷിക്കാൻ ആരുമില്ലാത്ത വൃദ്ധജനങ്ങളുടെ പരിരക്ഷണാർത്ഥം ഒരു ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ചു. ഉദ്ദേശ്യ ത്തിനുപിന്നിൽ ലാഭേച്ഛ ഒട്ടുമുണ്ടായിരുന്നില്ല. അതേസമയം നഷ്ടം സഹിച്ചു വേഗം അടച്ചുപൂട്ടാനും അവർ തയ്യാറായിരുന്നില്ല. രണ്ടു പേർക്ക് താമസിക്കാൻ ഉതകുന്ന വിധത്തിലുള്ള മുപ്പതു മുറികളുള്ള ഒരു കെട്ടിടം അവർ വൃദ്ധസദനത്തിന്നായി പണിതുയർത്തി. അതിനു അടുത്തുതന്നെ അന്തേവാസികൾക്കായി ഒരു ആരോഗ്യകേന്ദ്രവും. ഒരു പ്രമുഖ ആസ്പത്രിയുമായി സഹകരിച്ചായിരുന്നു അത്.

വൃദ്ധസദനത്തിന്റെ അദ്ധ്യക്ഷ ആയിരുന്നെങ്കിലും അവിടത്തെ ഒരു അന്തേവാസിയെപ്പോലെയാണ് അമ്മിണിയമ്മ പെരുമാറിയിരുന്നത്. അന്തേവാസികളുമായി അടുത്തിടപഴകി. അവരുടെ മൂല്യങ്ങൾ തന്റേതാക്കി. അന്തേവാസികൾ അധികവും സമ്പന്നകുടുംബങ്ങളിൽനിന്നായിരുന്നു. പക്ഷെ പരിചരിക്കാനോ ശുശ്രൂഷിക്കാനോ അവർക്ക് അടുത്തബന്ധുക്കൾ ഇല്ലായിരുന്നു.

മാധവി മേനോനും രാഗിണിയും ഭർത്താവും വൃദ്ധസദനത്തിലെത്തിയപ്പോൾ അമ്മിണിയമ്മ അത്ഭുതപരതന്ത്രയായി. അമ്മിണിയമ്മയെ അവിടെ കണ്ടപ്പോൾ മാധവി മേനോനും കുടുംബവും അതുപോലെ അത്ഭുതപ്പെട്ടു. അമ്മിണിയമ്മ കേവലം അന്തേവാസിയല്ല, അവിടത്തെ അധിപതിയാണ് എന്നറിഞ്ഞപ്പോൾ ആഗതരുടെ സന്തോഷം പതിന്മടങ്ങായി.

രാഗിണിയ്ക്കും ഭർത്താവിന്നും സന്തോഷം മറച്ചുവെക്കാനായില്ല. അമ്മിണിയമ്മ നടത്തുന്ന വൃദ്ധസദനത്തിൽ അമ്മ ഏറെ സുരക്ഷിതായായിരിക്കുമെന്ന കാര്യത്തിൽ അവർക്കു സന്ദേഹമില്ലായിരുന്നു.

വൃദ്ധസദനത്തിലെ പരിരക്ഷക്കു വേണ്ട ചിലവ് കണ്ടെത്താൻ മാധവി മേനോനും യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. എല്ലാ മാസവും കൃത്യമായി എത്തുന്ന പെൻഷൻ അതിന്നു ധാരാളം മതിയായിരുന്നു.

ആറ് മാസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമാണ് തന്റെ വീടും പറമ്പും വിറ്റാണ് രാഗിണിയും ഭർത്താവും അമേരിക്കയിലേക്ക് പോയത് എന്ന വിവരം മാധവി മേനോൻ അറിഞ്ഞത്. അന്ന് രാത്രി പഴയ സുഹൃത്തിന്റെ തോളിൽ തല വെച്ചു അവർ തേങ്ങി കരഞ്ഞു. തന്റെ എല്ലാ സുഖങ്ങളും ത്യജിച്ചു മകൾക്കു വേണ്ടതെല്ലാം നൽകിയിട്ടും അവൾ ഇങ്ങനെയൊരു വഞ്ചന കാണിച്ചത് അവർക്കു തീരെ മനസ്സിലായില്ല.

രാത്രി ഏതാണ്ട് പത്തര മണിക്ക് അമേരിക്കയിൽനിന്ന് ഒരു ഫോൺവിളി വന്നു. അങ്ങേ അറ്റത്തു രാഗിണി ആയിരുന്നു.

തുടക്കത്തിൽ രാഗിണിയുടെ ശബ്ദത്തിന്ന് വ്യക്തത ഉണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞു വ്യക്തത വന്നപ്പോൾ, അമ്മയെ നന്നായി പരിരക്ഷിച്ചതിന്ന് അവൾ വൃദ്ധസദനത്തിന്നും പ്രത്യേകിച്ച് അമ്മിണിയമ്മക്കും കൃതജ്ഞത പ്രകടിപ്പിച്ചു. അമ്മയെ കുറിച്ചു ഇതുവരെ യാതൊരു തരത്തിലുള്ള വ്യാകുലതകളും ഇല്ലായിരുന്നു. ഇപ്പോൾ താൻ അനാഥയായിരിക്കുന്നു., രാഗിണി അറിയിച്ചു.

ജോലിസംബന്ധമായ തിരക്കുകളാൽ അവൾക്കു അമ്മയുടെ മരണാനന്തരക്രിയകൾക്ക് എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ചടങ്ങുകളും അമ്മിണിയമ്മ വേണ്ടപോലെ നടത്തുമെന്ന് അവൾക്കു ഉറച്ച വിശ്വാസമുണ്ട്. മറുപടി പറയാൻ തുടങ്ങുന്നതിനുമുമ്പ്, എല്ലാ സഹായങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടും, അടുത്ത ഇന്ത്യാ സന്ദർശനസമയത്തു വന്നു കണ്ടുകൊള്ളാമെന്നും അറിയിച്ചു രാഗിണി ലൈൻ മുറിച്ചു.

റീസിവർ വെക്കുമ്പോൾ അമ്മിണിയമ്മ മന്ത്രിച്ചു, “എന്തൊരു സ്നേഹം നിറഞ്ഞ മകൾ !”

By…. K. V.സത്യനാഥൻ
Mob.:098336 77962

You may also like

Leave a Comment