ചെമ്മീനിന്‍റെ സാമ്പത്തിക-സാമൂഹ്യ പശ്ചാത്തലം

by Kerala In Mumbai
0 comments

“……….ഇതൊന്നും കൂടാതെ, എല്ലാ മലയാളികളെയും മീൻ പിടിത്തക്കാരുടെ ജീവിതരീതികളെയും, സോഷിയോ- എക്കനോമിക്സിനെയും കുറിച്ച് പഠിപ്പിക്കുന്ന ഒരു ഉഗ്രൻ നോവൽ ജ്ഞാനപീഠം കയറിയ തകഴി എഴുതിയിട്ടുണ്ടല്ലോ……..ഇതെല്ലാം തത്തമംഗലത്ത് ജനിച്ചു, ടോക്കിയോയിലും മറ്റും ജീവിച്ച സ്വാമി എങ്ങനെ അറിയാൻ?”

ഇത് എഴുതിയത് മറ്റാരുമല്ലാ ഞാൻ തന്നെയാണ് – കുടയൂർ കഥകൾ” എന്ന പുസ്തകത്തിൽ “മത്സ്യ പുരാണം” എന്ന കഥയിൽ.

വടക്ക് പടിഞ്ഞാറൻ സമുദ്ര തീരസംസ്ഥാനത്ത് സമുദ്ര സമ്പത്തുകളുടെ വകുപ്പിൽ നടന്ന ഇന്റർവ്യൂയിനെ കുറിച്ച് എഴുതിയ കൂട്ടത്തിൽ പറഞ്ഞതാണ്. അങ്ങിനെ എഴുതാൻ കാരണവും ഉണ്ടായിരുന്നു ! .

മലയാളത്തിൽ 1956 -ൽ പുറത്തു വന്ന തകഴി ശിവശങ്കര പിള്ളയുടെ “ചെമ്മീൻ” ഒരു റൊമാന്റിക്ക് നോവൽ എന്ന നിലയിലാണ് സാധാരണയായി അറിയപ്പെടുന്നത്. പക്ഷെ, റോമാന്റിസം, ലിറിസിസം തുടങ്ങിയവ മാത്രമല്ല ചെമ്മീനിന്റെ സ്ഥായിയായ പ്രത്യേകത എന്ന് അന്നത്തെ കേരളത്തിലെ കടലോരങ്ങളിൽ ജീവിച്ചിരുന്ന മീൻപിടുത്തക്കാരുടെ ജീവിത രീതികളെ ക്കുറിച്ച് ദേശീയ / അന്തർ രാഷ്ട്രീയ തലത്തിൽ പഠനം നടത്തിയിട്ടുള്ള പലരും പറയാറുണ്ട്‌.

1998-ൽ കർട്ടിൻ യൂനിവേർസിറ്റി ഓഫ് ടെക്നോളജിയിലെ (Curtin University of Technology) ബോബ് പൊക്രാന്‍റ്റ് (Bob Pokrant), പീറ്റർ റീവ്സ്, (Peter Reeves), ജോണ്‍ മാക്ക് ഗുയെർ (John McGuire) എന്നിവർ “ദി നോവലിസ്റ്സ് ഇമേജ് ഓഫ് സൌത്ത് ഏഷ്യൻ ഫിഷേർസ്സ്” (The Novelist’s Image of South Asian Fishers) എന്ന ശീർഷകത്തിൽ ഒരു ലേഖനം എഴുതുകയുണ്ടായി. ഭക്ഷ്യോത്പാദന മേഖലകളിൽ, മനേക് ബന്ധോപാധ്യായുടെ “പദ്മ നദീർ മാഝി” (പദ്മ നദിയിലെ വഞ്ചിക്കാരൻ – 1934), അദ്വൈത മല്ലാ ബർമന്റെ “തിത്താഷ് നദീർ നാം” (തിത്താഷ് എന്ന് പേരുള്ള നദി -1956), തകഴി ശിവശങ്കര പിള്ളയുടെ “ചെമ്മീൻ (1956/1962) എന്നീ മൂന്നു കൃതികളാണ് ദക്ഷിണ ഏഷ്യയിലെ മീൻപിടിത്തക്കാരെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങൾ എന്നായിരുന്നൂ അവരുടെ നിഗമനം.

‘ചെമ്മീന്‍’ എന്ന കൃതി ഒരു മുക്കുവ പെണ്ണിന്റെ പ്രേമകഥ മാത്രമല്ലാ; പ്രത്യുത അന്നത്തെ കേരളത്തിന്റെ മത്സ്യ വ്യവസായവും ആയി ബന്ധപ്പെട്ട ഒരു സമുദായത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ ഒരു പ്രതിഫലനം കൂടി ആണ്. ഇതിനു പിന്നിൽ അതിശക്തമായ ചില സാമ്പ്രദായികതകളും, സാമ്പത്തിക വസ്തുതകളും ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നു കാണുന്നു അവര്‍.

അമ്പതിലധികം വര്‍ഷങ്ങളോളം, ഇന്ത്യയിലെ കടൽ തീരങ്ങളിലെ മത്സ്യ വ്യവസായത്തിൻറെയും, അതിലെ പ്രാഥമിക ഉത്പാദകരായ – അതുമായി അഗാധമായി ബന്ധപ്പെട്ട – മത്സ്യം പിടുത്തക്കാരുടെയും, ഈ വിഭാഗത്തിന്റെ വ്യാവസായിക – സാങ്കേതിക വശങ്ങളുടെയും വികസനവുമായി ഇടപഴകി ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ, വീണ്ടും “ചെമ്മീൻ” വായിക്കുമ്പോൾ, മനസ്സിൽ തെളിയുന്നത് വളരെ വ്യത്യസ്തങ്ങളായ ചില ദൃശ്യങ്ങളാണ്‌.

തകഴി “ചെമ്മീൻ” എഴുതുന്ന കാലത്ത് (1950 കളിൽ), ഇന്ത്യയുടെ മത്സ്യബന്ധന സമ്പ്രദായങ്ങൾ വികസനം പ്രാപിച്ചിട്ടില്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ “ഇന്ത്യൻ ഫിഷറീസ് ആക്റ്റും(Indian Fisheries Act) , അതിൻ കീഴിൽ തിരുവിതാംകൂർ രാജഭരണം ഏർപ്പെടുത്തിയ ചില നിയമങ്ങളും, നിയന്ത്രണങ്ങളും (Rule and Regulations), അത് നടപ്പിൽ ആക്കലും മാത്രമായിരുന്നു, ഈ വ്യവസായത്തെ സംബന്ധിച്ച അന്നത്തെ നടപടികൾ . ഇവയൊന്നും പ്രാഥമിക മത്സ്യ- ഉത്പാദകരെ സഹായിക്കാൻ പോന്നതല്ലായിരുന്നു.

കേവലം സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രകൃതി സമ്പത്തിന്റെ പരിരക്ഷണത്തിന്നും, രാജ്യത്തിന്റെ വരുമാനത്തിന്റെ (Revenue) ക്രമീകരണത്തിന്നും മാത്രം ആയിരുന്നു ഇവയെല്ലാം. വളരെ പ്രധാനപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രം മത്സ്യം ഉണക്കാൻ ഉള്ള ഉപ്പു, കുറഞ്ഞ വിലക്ക് മത്സ്യം പിടുത്തക്കാരുടെ കൂട്ടായ്മകള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതിൽ കവിഞ്ഞു കാര്യ്യമായ മറ്റൊന്നും നടക്കുന്നതായി കണ്ടിരുന്നില്ലാ അക്കാലത്ത്. (ഇന്തോ നോര്‍വീജിയന്‍ പ്രോജെക്ക്റ്റ് നീണ്ടകരയിൽ ജനിക്കുന്നത് പോലും 1953-ൽ മാത്രമാണല്ലോ).

അമ്പലപ്പുഴയുടെ (ആലപ്പുഴ ജില്ല) കടൽ തീരത്ത്‌ ജീവിച്ചിരുന്ന മരക്കാൻ/മുക്കുവ സമുദായങ്ങളിലെ അംഗങ്ങളും, ഉണക്ക മീൻ/ചെമ്മീൻ വ്യാപാരത്തിൽ എർപ്പെട്ടിരുന്ന കച്ചവടക്കാരും ഒരു പാട് കാലത്തെ ബന്ധമുണ്ട്. കാരണം, ബാങ്ക് ഫിനാന്സുകളും, സഹകരണ സംഘങ്ങളും/ പ്രസ്ഥാനങ്ങളും, ക്രെഡിറ്റ് പോളിസികളും ഒന്നും ജനിച്ചിട്ടില്ലാത്ത അന്നത്തെ കാലത്തു, ഇടത്തരക്കാർ ആയിരുന്നു മഴക്കാലത്ത്/ ഓഫ്‌ സീസണ്‍ സമയത്ത്, മീൻ പിടിത്തക്കാരുടെ ദൈനം ദിന ജീവിതത്തിനും, വഞ്ചി/ബോട്ട്, വലകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ റിപ്പയർ തുടങ്ങിയ തൊഴിൽ ആവശ്യങ്ങൾക്കും മുൻ‌കൂർ ധനസഹായം (അഡ്വാൻസായി) കൊടുത്തിരുന്നത്. ഇത്തരത്തിൽ ഉള്ള കടങ്ങൾക്ക് ബദലായി മുക്കുവർ തങ്ങളുടെ ആ സീസണിലെ മത്സ്യം മുഴുവനും വ്യാപാരികൾക്ക് പണയം വയ്ക്കാൻ കടപ്പെട്ടവർ ആയിത്തീരും. എന്ന് മാത്രമല്ല, മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് വ്യാപാരികൾ തന്നെ ആയിരിക്കും. ഇക്കൂട്ടരെ “ഇടനിലക്കാർ (Middlemen ) എന്നാണു പലപ്പോഴും സൂചിപ്പിച്ചിരുന്നത്.

ഈ സമ്പ്രദായത്തെ “ഇടനിലക്കാരുടെ ചൂഷണം (Exploitation of the middle men ) എന്ന് വിളിക്കാൻ ആയിരുന്നു സാമൂഹ ശാസ്ത്രജ്ഞന്മാർ പിന്നീട് ഇഷ്ട്ടപ്പെട്ടിരുന്നത്. (ഇത്തരം കച്ചവടക്കാരിൽ പലരും മുസ്ലിം സമുദായത്തിൽപെട്ടവർ ആയിരുന്നു. അവരിൽ ചിലർ പിന്നീട് മരവിപ്പിച്ച സമുദ്ര സമ്പത്തുക്കളുടെ വ്യവസായികളും, എക്സ്പൊർട്ടർമാരും മറ്റും ആയിത്തീർന്നിട്ടുണ്ട്).

പക്ഷെ, മേൽപ്പറഞ്ഞ അന്നത്തെ അന്തരീക്ഷത്തിൽ മത്സ്യം പിടിക്കുന്നവരെയും, അവർക്ക് ധനസഹായം ചെയ്തിരുന്നവരെയും മറ്റും കൂട്ടിയിണക്കുന്ന ചില പാരമ്പര്യങ്ങളും, വിശ്വാസങ്ങളും സമ്പ്രദായങ്ങളും , ഉണ്ടായിരുന്നു . സമൂഹത്തിന്റെ ചില നിയമങ്ങളും, ചിട്ടകളും നീക്ക് പോക്കില്ലാത്തതും ആയിരുന്നു. മുക്കുവൻ,അരയൻ, മരക്കാൻ, പരവൻ, എന്ന പല ജാതികളിലും പെട്ട മത്സ്യം പിടുത്തക്കാരും അവരുടെതായ പ്രത്യേകം ആചാരങ്ങളും അന്ന് പല തുറകളിലും (Fishing Hamlets) നിലവിൽ ഉണ്ടായിരുന്നു.

കൂടാതെ, വഞ്ചിയും വള്ളവും കൈവശം വക്കാനുള്ള അധികാരവും, വള്ളത്തിൽ അമരക്കാരൻ ആയിരിക്കാനും ഉള്ള അവകാശങ്ങൾ വരെ ചിലരിൽ നിക്ഷിപ്തമായിരുന്നു . അത്തരത്തിലുള്ള പരിതസ്ഥിതിയിൽ ആണ് വെറും മരക്കാൻ മാത്രം ആയിരുന്ന ചെമ്പൻ കുഞ്ഞിന്റെ അത്യാഗ്രഹം, അയാളെ തുറയിലെ മൂപ്പനെ പോലെ വള്ളം വാങ്ങാനും വലകൾ സമ്പാദിക്കാനും മറ്റും പ്രേരിപ്പിക്കുന്നത്. (ചെമ്പൻ കുഞ്ഞിന്റെ ആഗ്രഹങ്ങൾ അവിടെ നിന്നില്ല. തുറയിലരയന്റെ/ മൂപ്പന്റെ ഈട്ടിത്തടിയിലുള്ള കട്ടിലും, അയാളുടെ വിധവയും ആയിരുന്നു അടുത്ത ലക്‌ഷ്യം).

വികസന പദ്ധതികൾ നടപ്പിലായ കാലത്ത് പോലും മത്സ്യം പിടിത്ത സമുദായത്തിന്റെ നിയമങ്ങളിൽ ഉള്ള വ്യതിയാനങ്ങൾ വളരെ പതുക്കയെ വന്നിരുന്നുള്ളൂ. (ഇപ്പോഴും ചില സംസ്ഥാനങ്ങളിൽ, സഹകരണ സംഘങ്ങളിലെ അംഗത്വവും മീൻ പിടുത്തക്കാര്ക്ക് കൊടുക്കുന്ന സഹായങ്ങളും മറ്റും അവരുടെ സമുദായം ശുപാര്ശ ചെയ്യുന്നവര്ക്കെ കൊടുക്കാൻ സാധിക്കുകയുള്ളു.

ഇത്ര സുശക്തമായ – അലിഖിതമായ – ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചു നല്ലവണ്ണം പഠിച്ച ഒരാൾക്കേ പഴയ കാലത്തെ ഇത്തരം കാര്യയങ്ങൾ ഇത്ര ഫലവത്തായി എഴുതി ഫലിപ്പിക്കാൻ സാധിക്കുകയുള്ളൂ . അതാണ്‌ തകഴിയെ തെക്കൻ ഏഷ്യയിലെ അന്നത്തെ മത്സ്യ വ്യവസായത്തിന്റെ വക്താവ് ആക്കി തീർക്കുന്നതും. അന്നത്തെ മത്സ്യബന്ധന സമ്പ്രദായത്തിന്റെ പ്രത്യേകകളെ സുസൂക്ഷ്മം പഠിച്ചു മനസ്സിലാക്കിയ ഒരാൾക്ക്‌ മാത്രമേ തന്റെ റൊമാന്റിക്ക് ആശയങ്ങളെ ഇത്തരo പരിതസ്ഥിതികളില്‍ ജീവിക്കുന്ന മത്സ്യം പിടുത്തക്കാരുടെ ജീവിതവും ആയി ഇഴചേര്‍ത്തു നെയ്തെടുക്കാൻ കഴിയൂ.

മറ്റുള്ള നോവലുകളോടും , കഥകളോടും ഉള്ള തകഴിയുടെ സമീപനം ആയിരുന്നില്ല ചെമ്മീനിനോട് എന്ന് പലപ്പോഴും തോന്നാറുണ്ട്. സംപ്രദായങ്ങളുടെയും, സമൂഹനിയന്ത്രണങ്ങളുടെയും, ഐതിഹ്യങ്ങളുടെയും കൂച്ചു വിലങ്ങുകൾ കഥയിൽ ഉടനീളം കാണാവുന്നതാണ് ഇവിടെ. എങ്കിലും , തകഴിയുടെ കഥാപാത്രങ്ങൾ കഴിവതും ചട്ടങ്ങൾക്കുള്ളിൽ ഒതുങ്ങി കഴിയാൻ ആഗ്രഹിക്കാറുണ്ട്. എങ്കിലും, മാനുഷിക ദൗർഭല്യങ്ങള്‍ പലപ്പോഴും അവരെ വേട്ടയാടുന്നതും നാം കാണാറുണ്ട്‌.

By K.R. നാരായണൻ
+91 9594053133

You may also like

Leave a Comment