ഊർമ്മിളയാണ് ഞാൻ അറിയില്ലേയെന്നെ
ഇരുട്ടറയിലെവിടെയോ മാഞ്ഞെന്റെ ജീവിതം
കാലചക്രത്തിന്റെ കാണാപ്പുറങ്ങളിലെങ്ങോ നിറം മങ്ങിയൊരു ചിത്രമായ് മാറിയതാണീ ഊർമ്മിള
തിരക്കഥ ചൊല്ലാമിന്നു നിങ്ങളോടു ഞാനീ വെളിച്ചമേകിയുരുകിയമർന്നൊരാ തിരിനാളത്തിന്റെ
അന്നൊരാദിനത്തിലെന്തുത്സാഹമായതാം രാമനെ രാജാവായ് വാഴിക്കാനിരുന്നതും
മന്ഥരയാം മായയാലൊക്കെ തുലഞ്ഞതും
ഭരതകുമാരനെ രാജ്യാഭിഷേകത്തിനായ് പറഞ്ഞതും
രാമനാം കുമാരനെ പതിന്നാലു സംവത്സരം
കാട്ടിലേയ്ക്കയക്കാനുറച്ചതും എല്ലാം ഒരു വിധി വൈപരീത്യമോ?
വന്നൊരു സായന്തനത്തിലെൻ സൗമിത്രൻ,
അന്തഃപുരത്തിന്നകത്തളത്തിലേക്ക്
അരുതാത്തതെന്തിനോയെന്ന പോൽ നിശബ്ദമായന്തരീക്ഷവും ,ഒരപരനെപ്പോലതാ മൊഴിയുന്നു കുമാരനും
”അനുഗമിക്കുന്നു ഞാനെൻ ജ്യേഷ്ഠനോടൊപ്പം, ശ്രീരാമനാണെനിക്കെല്ലാമീയൂഴിയിൽ, മാതാപിതാ സേവ ചെയ്ക നീ ശേഷിക്കും പതിന്നാലു സംവത്സരങ്ങളിൽ “
ആകെത്തകർന്നു ഞാൻ നിന്നു പോയീ എന്റെ കണ്ണുകളിലിരുട്ടു കയറുന്നുവോ,
ചൊല്ലുവാനെനിക്കുണ്ടെന്തോ, ഗദ്ഗദത്താലതും മുറിഞ്ഞു പോയി
ശ്വാസം നിലച്ചതു പോലൊരു തോന്നലിൽ നിന്നു പോയ് ഞാനൊരു ജീവച്ഛവം പോൽ
ദേവി സീതയാം സോദരിയായ ഞാനിന്നു നേടിയതീ ഏകാകിയാം ജന്മമോ?
എൻ യൗവനം,നാഥപ്രേമവുമെല്ലാമിന്നൊരു മിഥ്യയായ് മാറിയോ?
എൻ മനതാരിൽ പൂത്തൊരാ ജീവിതം, മമ നാഥനിന്നറിയാതെ പോകയോ
ഊർമ്മിളയാണ് ഞാൻ, അറിയില്ലേയെന്നെ ഇന്നീ ഇരുട്ടറയിലെവിടെയോ മാഞ്ഞെന്റെ ജീവിതം…..
ദീപ ബിബീഷ് നായർ

