മഹാനഗരങ്ങളുടെ അതിവേഗ വളർച്ച പല സൗകര്യങ്ങളും സമ്മാനിച്ചുവെങ്കിലും, അതോടൊപ്പം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളും ഉയർന്നുവരുന്നു. ഇതിന് ഒരു വ്യക്തമായ ഉദാഹരണമാണ്. വ്യാവസായികവത്കരണം, നഗരവൽക്കരണം, വാഹനങ്ങളുടെ അനിയന്ത്രിത വർധന എന്നിവ ചേർന്നപ്പോൾ ഇവിടെ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നിരിക്കുകയാണ്.
വായുമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്നത് വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന പുക, ഫാക്ടറികളിൽ നിന്നുള്ള വിഷവാതകങ്ങൾ, നിർമാണപ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി, മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക എന്നിവയാണ്. ഇതിന്റെ ഫലമായി വായുവിൽ ദോഷകരമായ ധൂളികണങ്ങൾ (PM2.5, PM10), കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവയുടെ അളവ് കൂടുന്നു.
ഈ മലിനവായു ശ്വസിക്കുന്നതിലൂടെ മനുഷ്യർക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ വർധിക്കുന്നത് ശ്രദ്ധേയമാണ്. കുട്ടികളും മുതിർന്നവരും ശ്വാസംമുട്ടൽ, സ്ഥിരമായ ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നു. ദീർഘകാലമായി ഇത്തരം വായുവിൽ കഴിയുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കുകയും ഗുരുതര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
വായുമലിനീകരണം ഹൃദയസംബന്ധമായ രോഗങ്ങൾക്കും വഴിവയ്ക്കുന്നു. വായുവിലെ സൂക്ഷ്മകണങ്ങൾ രക്തത്തിലേക്ക് കടന്ന് രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണിലെ ഇരിച്ചിൽ, ത്വക്ക് അലർജി, തലവേദന തുടങ്ങിയ പ്രശ്നങ്ങളും വർധിക്കുന്നു.
ഈ പ്രശ്നത്തെ ചെറുക്കാൻ സർക്കാർ മാത്രമല്ല, പൊതുജനങ്ങളും സജീവമായി ഇടപെടണം. പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുക, കൂടുതൽ മരങ്ങൾ നട്ട് പച്ചപ്പു വർധിപ്പിക്കുക എന്നിവ അനിവാര്യമാണ്. വ്യവസായങ്ങൾ പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കുന്നതും നിർണായകമാണ്.
വായുമലിനീകരണം ഒരു നഗരത്തിന്റെ വികസനത്തിന്റെ അനിവാര്യഫലമല്ല; അത് മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു ഗൗരവമായ മുന്നറിയിപ്പാണ്. അതിനാൽ, സംയുക്തമായ പരിശ്രമങ്ങളിലൂടെ മാത്രമേ ഈ പ്രശ്നത്തെ നിയന്ത്രിച്ച് ഭാവി തലമുറയ്ക്ക് ശുദ്ധമായ വായു ഉറപ്പാക്കാൻ കഴിയൂ.
രാജീവൻ കാഞ്ഞങ്ങാട്
(9325029845)

