മുളകുവർത്തോളി ഈ വാക്കു തേടി സർവ്വവിജ്ഞാന കോശമോ, ഭാഷാനിഘണ്ടുവോ ഒക്കെ നോക്കി സമയം കളയണ്ട, കാണില്ല. തീർച്ച. ഇതൊരു കൂട്ടാൻ്റെ പേരാണ്. പഴയ വള്ളുവനാട്ടുകാർക്കും , പാലക്കാടിൻ്റെ ഉൾഗ്രാമങ്ങളിലുള്ളവർക്കുമൊക്കെ ചിരപരിചിതമായൊരു കൂട്ടാൻ. ' മുളകുവർത്തോളി '. ഇതിൻ്റെ സംസ്കൃത നാമം ' മുളക് വറുത്ത പുളി ' എന്നു ചരിത്രകാരനും ഗവേഷകനും ചിരി സാഹിത്യകാരനുമായ വടക്കെക്കൂട്ടാലക്കാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ' വീട്ടിലെ കാർന്നോര് പുറത്തൊക്കെ പോയി തെണ്ടിത്തിരിഞ്ഞ് വീട്ടിലെത്താറാകുമ്പോഴാണ് യശോദമ്മ കൂട്ടാനെപ്പറ്റി ചിന്തിക്കുന്നതുതന്നെ. "ചിന്നമണ്യേ ....... ആള് വരാറായി . എന്താപ്പോ കൂട്ടാൻ ണ്ടാക്ക്വാ ?..." മാങ്ങാക്കാലം കഴിഞ്ഞു. ചേമ്പോ, കായയോ, ചേനയോ ഒന്നും തൊടിയിലില്ല. ഓമക്കായ പോലും . ഒരു നീണ്ട നെടുവീർപ്പിൻ്റെ പരിസമാപ്തിയിൽ യശോദമ്മയുടെ മനസ്സിലൊരു ലഡ്ഡു പൊട്ടി. " നീയ്യിത്തിരി ഉള്ളി നേരാക്കിക്കോ ". യശോദമ്മ , ചിന്നമണിയോട് പറഞ്ഞു. കൃത്യം നാലു മിനിട്ട് നാൽപ്പത്തിനാലു സെക്കൻ്റ് കൊണ്ടു ആയമ്മ കൂട്ടാൻ തയ്യാറാക്കി. 'മുളകുവർ ത്തോളി '.പുറത്തു നിന്നും വന്ന കാർന്നോര് , കാലും, കൈയ്യും കഴുകി കവിടി പിഞ്ഞാണത്തിനു മുന്നിലിരുന്നു. ചോറിനു മീതെ കൂട്ടാനൊഴിച്ചു. " എന്താണ്ടി , ചിന്നമണീ, ഇതിൽ കൂട്ടാനോന്നും കാണ്ണില്ലല്ലൊ ?....." കാർന്നോര് പരിഭ്രമത്തോടെ ചോദിച്ചു. കേട്ടു നിന്ന യശോദമ്മ പറഞ്ഞു. "നിങ്ങളൊന്നു സൂക്ഷിച്ചു നോക്കിൻ......." വാർദ്ധക്യത്തോടടുത്ത കണ്ണുകൾ ചോറിൽ പരതി. കുറച്ചു വെന്തു മൊരിഞ്ഞ ഉള്ളിക്കഷണങ്ങളും , മുളകും , കരിവേപ്പിലയും, കടുകും മാത്രമേ ദൃഷ്ടിഗോചരമായുള്ളു. ദ്രവാംശം മുഴുവനും ചോറുമായി ഇതിനകം ചങ്ങാത്തം സ്ഥാപിച്ചിരുന്നു. കാർന്നോര് " നല്ല രുചി " എന്ന സർട്ടിഫിക്കറ്റ് യശോദമ്മയ്ക്ക് നൽകുമ്പോഴേക്കും രണ്ടു മൂന്നു പിഞ്ഞാണം ചോറകത്താക്കിയിരുന്നു. ആ രുചിക്കൂട്ടിൻ്റെ രഹസ്യം യശോദമ്മ ചിന്നമണിക്ക് വ്യക്തമാക്കി. " ചെറിയ ഉള്ളി കഴുകിവൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ചീനച്ചട്ടിയിലെ വെളിച്ചെണ്ണയിൽ കടുകും മുളകും കരിവേപ്പിലയും ചേർന്നുള്ള സംഘ നൃത്തത്തിൻ്റെ മൂർദ്ധന്യത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയെ ക്കൂടി അതിൽ പങ്കാളിയാക്കുക. ഉള്ളി ചുവന്നുതുടുത്ത് നിറം വയ്ക്കുമ്പോൾ കുറച്ചു പുളിവെള്ളം ഒഴിക്കുക. ഇതിൽ മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ഉപ്പും, ഒരച്ച് വെല്ലവും ( ശർക്കര ) ചേർത്ത് തിളക്കുമ്പോൾ ചതുർ രസങ്ങളുടെ സമ്മേളനമായി. രണ്ടു മിനിട്ട് മാഗി പോലെ നാലു മിനിറ്റ് നാല്പത്തിനാലു സെക്കൻ്റ് ' മുളകു വർത്തോളി ' തയ്യാർ. "ഒരു പ്രധാന കാര്യം പറയാൻ വിട്ടു ട്ടോ കുട്ട്യേ..... വിരുന്നുകാർ വരുമ്പോൾ ഈ കൂട്ടാൻണ്ടാക്കണ്ട. കാരണം മറ്റൊന്നുമല്ല , ചോറുകലം കാലിയാകുന്നതറിയില്ല. രഘു